ആഗോള പരിപാലനത്തിനായുള്ള കൂട്ടായ പരിശ്രമത്തിന് പൂർണ്ണ പിന്തുണ; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗവേളയിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയുടെ ആദ്യ വെർച്വൽ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ഒരേ ലോകം ഒരേ സ്വാസ്ഥ്യം എന്ന സമീപനത്തിന് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണ്. ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വാക്‌സിൻ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റ് ഘടകങ്ങളും ആവശ്യത്തിന് ലഭ്യമാകാൻ വിതരണ ശൃംഖലകൾ എപ്പോഴും തുറന്നു വെക്കാനുള്ള അപേക്ഷ മറ്റു രാജ്യങ്ങൾ അംഗീകരിച്ചതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആഗോള പുനരുജ്ജീവനത്തിനും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളിൽ നിന്നുള്ള സംരക്ഷണത്തിനുമാണ് ഇത്തവണത്തെ ജി-7 ഉച്ചകോടി സമ്മേളനം പ്രധാന്യം നൽകുന്നത്.