പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു

പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുഖ്യവിമര്‍ശകനായ നവ്‌ജ്യോത് സിങ് സിദ്ദു ഒരാഴ്ച മുന്‍പ് ഒരുകൂട്ടം എംഎല്‍എമാരുമായും മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സിദ്ദു കണ്ണ് വയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തെത്തി.

അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച അമരീന്ദര് സിങ്ങുമായി എഐസിസി കൂടിക്കാഴ്ച നടത്തി. പിന്നാലെ സംസ്ഥാന ഘടകം നവീകരിക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി സ്വേച്ഛാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിമതആരോപണം. ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന കേസില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അതിന്റെ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

2017 ല്‍ അധികാരമേറ്റ ശേഷം അമരീന്ദര്‍ സിങ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നും സംസ്ഥാന അധ്യക്ഷനാക്കുമെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.നിലവില്‍ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്ളത് (മറ്റു സംസ്ഥാനങ്ങള്‍ രാജസ്ഥാനും ഛത്തീസ്ഗഡും). ആഭ്യന്തര തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊരു അഗ്‌നിപരീക്ഷയാകും.