National (Page 808)

ന്യൂഡൽഹി: കോവിഡ് പോസിറ്റീവാകുന്നവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ഗവേഷക സംഘം. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വാക്‌സിനേഷൻ നൽകേണ്ടതേയില്ലെന്നാണ് ഒരു സംഘം ഗവേഷകർ അഭിപ്രായപ്പെടുന്നത്. എയിംസ് ഡോക്ടർമാരും ദേശീയ കോവിഡ് ദൗത്യ സംഘാംഗങ്ങളും ഉൾപ്പെടുന്ന ഒരു കൂട്ടം ആരോഗ്യ വിദഗ്ധരാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് പ്രകൃതിദത്തമായ രോഗപ്രതിരോധം നേടിയവരിൽ പിന്നീട് വാക്‌സിൻ ഫലപ്രദമാണോ എന്ന കാര്യത്തിൽ ആവശ്യത്തിന് തെളിവുകളില്ലെന്നാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ ആവശ്യത്തിന് തെളിവുകൾ ലഭിച്ച ശേഷം മാത്രം ഈ വിഭാഗത്തിലുള്ളവർക്ക് വാക്‌സിൻ എടുക്കണമോയെന്ന് തീരുമാനിച്ചാൽ മതിയെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.

ഒരു തവണ കോവിഡ് ബാധിതരായവർക്ക് വീണ്ടും വൈറസ് പിടിപെടാൻ 10 മാസത്തേക്ക് സാധ്യതയില്ലെന്നാണ് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് എതിരെ ഇവരുടെ ശരീരത്തിൽ ആവശ്യത്തിന് ആന്റി ബോഡികൾ രൂപപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഈ പഠനം ചൂണ്ടിക്കാട്ടിയാണ് ഗവേഷകരുടെ പരാമർശം. വാക്‌സിനേഷന്റെ ഉദ്ദേശ്യം രോഗനിയന്ത്രണം ആയതിനാൽ ഇതേവരെ വൈറസ് പിടിപെടാത്തവർക്കാകണം മുൻഗണന നൽകേണ്ടതെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വാക്‌സിൻ ലഭ്യതയിലുള്ള കുറവ് കൂടി കണക്കിലെടുത്താണ് ഗവേഷകർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നാണ് വിവരം. സാർവത്രിക വാക്‌സിനേഷനേക്കാൾ മുൻഗണന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്സിൻ വിതരണ സമീപനമാകും നന്നാകുക. ജില്ലാ തലത്തിൽ നടക്കുന്ന തത്സമയ സീറോ സർവേയുടെ അടിസ്ഥാനത്തിലാകണം വാക്‌സിൻ നയതന്ത്രമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

വാക്‌സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലും വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വിശദീകരിക്കുന്നു. അതേസമയം കോവിഡ് പോസിറ്റീവ് ആകുന്നവർ രോഗമുക്തി നേടി മൂന്നുമാസം കാത്തിരുന്ന ശേഷം മാത്രം കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

ന്യൂഡൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തിയ ശേഷമാണ് സുപ്രീം കോടതി കടൽക്കൊലകേസ് നടപടികൾ അവസാനിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

2012 ഫെബ്രുവരി 15 ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നതാണ് കടൽക്കൊല കേസിനാസ്പദമായ സംഭവം. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിലെ നടപടികൾ അവസാനിപ്പിക്കുന്ന കോടതി നടപടിയെ കേരളവും എതിർത്തില്ല. നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

ഈ തുക അടിയന്തരമായി കേരള ഹൈക്കോടതിക്ക് കൈമാറും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുക വിതരണം ചെയ്യുന്നതിന് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തുക എപ്പോൾ എങ്ങനെ കൈമാറണം എന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഈ ജഡ്ജിയാണ്. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച്ച തന്നെ മന്ത്രിസഭാ പുന:സംഘടന ഉണ്ടായേക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടേയും മുതിർന്ന മന്ത്രിമാരുടേയും യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയരുമായിട്ടാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാനിരിക്കുന്നത്. ഒന്നാം മോദി സർക്കാരിൽ മൂന്ന് തവണയെങ്കിലും പുന:സംഘടന നടത്തിയിട്ടുണ്ട്. നിരവധി ഒഴിവുകൾ നിലവിൽ മന്ത്രിസഭയിലുണ്ട്. എൽജെപി നേതാവ് രാംവിലാസ് പാസ്വാൻ മരണത്തെ തുടർന്നും എൻഡിഎയിൽ നിന്ന് ശിരോമണി അകാലിദൾ, ശിവസേന തുടങ്ങിയ പാർട്ടികൾ പുറത്തുപോയതിനെ തുടർന്നും മന്ത്രിസഭയിൽ ഒഴിവുകളുണ്ട്.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ളവർക്ക് പുനഃസംഘടനയിൽ ഇടംനേടാൻ കഴിയുമെന്നാണ് വിവരം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവൽ എന്നിവരും മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യതയുണ്ട്.

ഉത്തർപ്രദേശിലെ സഖ്യ കക്ഷിയായ അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

covid

ന്യൂഡല്‍ഹി : കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് പിഎഫുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും ഓണ്‍ലൈനാക്കുമെന്ന് സൂചന. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പരിഗണിക്കുകയാണ്. നിലവില്‍ കൊവിഡുമായി ബന്ധപ്പെട്ട നോണ്‍ റീഫണ്ടബിള്‍ ക്ലെയിമുകള്‍ ഓണ്‍ലൈനായാണ് പരിഗണിക്കുന്നത്. സാധാരണ ക്ലെയിമുകള്‍ക്ക് ഒരു മാസം എടുക്കുമ്പോള്‍ കോവിഡ് ക്ലെയിമുകള്‍ 72 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും.

ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ പിഎഫിന് സമര്‍പ്പിച്ചിട്ടുളള രേഖകളുമായി ഒത്തുപോകുന്നുണ്ടെങ്കില്‍ അതും ഓണ്‍ലൈനായി തീര്‍പ്പാക്കുന്നതാണ് പരിഗണിക്കുന്നത്. കൊവിഡ് ധനകാര്യ പ്രതിസന്ധി പരിഗണിച്ച് പിഎഫില്‍ നിന്ന് 75 ശതമാനം വരെയോ മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളമോ അത് പിന്‍വലിക്കാന്‍ അനുവദിച്ച് കേന്ദ്രം നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.

covid

ന്യൂഡൽഹി: കോവാക്സിന്റേയും കോവിഷീൽഡിന്റെയും വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് നിർമ്മാണ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഒരു ഡോസ് 150 രൂപയ്ക്കാണ് കേന്ദ്രം വാങ്ങുന്നത്. ജൂൺ 21 മുതൽ രാജ്യത്തെ വാക്‌സിൻ നയത്തിൽ കേന്ദ്രം മാറ്റം വരുത്തുകയാണ്.

18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരൻമാർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്ന വാക്‌സിൻ ഡോസുകൾ ഇനി കേന്ദ്രത്തിന് വാങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് സർക്കാർ വാക്‌സിന്റെ വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനൊരുങ്ങുന്നതെന്നാണ് വിവരം.

25 കോടി കോവിഷീൽഡ് വാക്സിൻ ഡോസും 19 കോടി കോവാക്സിനുമാണ് 150 രൂപ വെച്ച് കേന്ദ്രം കമ്പനികളിൽ നിന്ന് ഇതുവരെ വാങ്ങിയത്. കോവാക്‌സിൻ ഒരു ഡോസിന് 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകി കൊണ്ടിരുന്നത്. കോവിഷീൽഡ് ഒരു ഡോസന് 300 രൂപ സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 16 മുതല്‍ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കും. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും, കര്‍ശനമായ നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക.

ന്യൂഡൽഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻപ് അഞ്ച് തവണ സമാനമായ രീതിയിൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുമെന്നും പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നതല്ല വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി യാണ് ലീഗ് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്.

തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സിനിമയിലേക്ക് തിരിച്ചെത്തുന്നു. എൻ.എൻ.ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’യിലെ നായക വേഷത്തിലൂടെയാണ് ശ്രീശാന്ത് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആർ. രാധാകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

ആക്ഷനും സംഗീതത്തിനും തുല്യപ്രാധാന്യമാണ് സിനിമയിലുള്ളത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും രാധാകൃഷ്ണൻ തന്നെയാണ്. സിബിഐ ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ടെന്നാണ് വിവരം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പ്രകാശ്കുട്ടിയാണ്. സുരേഷ് യു.ആർ.എസാണ് എഡിറ്റിംഗ്. സംഗീത സംവിധാനം സുരേഷ് പീറ്റേഴ്സും സ്പോട്ട് എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനുമാണ് നിർവ്വഹിക്കുന്നത്. 2017 -ൽ സുരേഷ് ഗോവിന്ദിന്റെ സംവിധാനത്തിലൊരുക്കിയ ടിം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ. ഹിന്ദി, കന്നട എന്നീ ഭാഷകളിലും ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്.

modi

ന്യൂഡൽഹി: കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് പരിരക്ഷ താൽക്കാലികമായി നീക്കംചെയ്യാൻ ജി7 രാജ്യങ്ങുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെർച്വൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരിയെ ആഗോളതലത്തിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഏക ഭൂമി, ഏക ആരോഗ്യം എന്ന സമീപനം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിനുകളുടെ നിർമാണം വർദ്ധിപ്പിക്കുന്നതിനായാണ് അവയുടെ പേറ്റന്റുകൾ താത്ക്കാലികമായി നീക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയയും മറ്റ് ചില രാജ്യങ്ങളും നരേന്ദ്രര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുവെന്നാണ് വിവരം.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണ്. ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. കോവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്താനും വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റൽ മാദ്ധ്യമങ്ങൾ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും അദ്ദേഹം വിശദീകരിച്ചു.

sputnik

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ലഭ്യമാകും. 1145 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്റെ വില. ഇന്ത്യയില്‍ സ്പുട്‌നിക് അഞ്ച് ഫാര്‍മ സ്ഥാപനങ്ങളാണ് നിര്മ്മിക്കുന്നത്. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് മില്യണ്‍ ഡോസായിരുന്നു ഇന്ത്യയിലെത്തിയത്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ചവരില്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
എന്നാല്‍, ലോകത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നത്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു.