ന്യൂഡൽഹി: കോവാക്സിന്റേയും കോവിഷീൽഡിന്റെയും വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് നിർമ്മാണ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ഒരു ഡോസ് 150 രൂപയ്ക്കാണ് കേന്ദ്രം വാങ്ങുന്നത്. ജൂൺ 21 മുതൽ രാജ്യത്തെ വാക്‌സിൻ നയത്തിൽ കേന്ദ്രം മാറ്റം വരുത്തുകയാണ്.
18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരൻമാർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്ന വാക്‌സിൻ ഡോസുകൾ ഇനി കേന്ദ്രത്തിന് വാങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് സർക്കാർ വാക്‌സിന്റെ വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനൊരുങ്ങുന്നതെന്നാണ് വിവരം.
25 കോടി കോവിഷീൽഡ് വാക്സിൻ ഡോസും 19 കോടി കോവാക്സിനുമാണ് 150 രൂപ വെച്ച് കേന്ദ്രം കമ്പനികളിൽ നിന്ന് ഇതുവരെ വാങ്ങിയത്. കോവാക്‌സിൻ ഒരു ഡോസിന് 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകി കൊണ്ടിരുന്നത്. കോവിഷീൽഡ് ഒരു ഡോസന് 300 രൂപ സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കിയിരുന്നു.

