സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും

sputnik

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ലഭ്യമാകും. 1145 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്റെ വില. ഇന്ത്യയില്‍ സ്പുട്‌നിക് അഞ്ച് ഫാര്‍മ സ്ഥാപനങ്ങളാണ് നിര്മ്മിക്കുന്നത്. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. മൂന്ന് മില്യണ്‍ ഡോസായിരുന്നു ഇന്ത്യയിലെത്തിയത്.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ചവരില്‍ ഏറ്റവും കുടുതല്‍ മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
എന്നാല്‍, ലോകത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നത്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു.