National (Page 807)

നാഗര്‍കോവില്‍: ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഉദ്ഘാടനം കാട്ടാത്തുറയില്‍ മന്ത്രി ടി. മനോതങ്കരാജ് നിര്‍വഹിച്ചു.

വെളളയരി, അയോഡൈസ്ഡ് ഉപ്പ്, ഒരു കിലോ റവ, പഞ്ചസാര, ഉഴുന്നുപരിപ്പ് അരകിലോ വീതം. വാളംപുളി, കടല എന്നിവ കാല്കിലോ വീതം, കടുക്, ജീരകം, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ നൂറു ഗ്രാം വീതം, 125 ഗ്രാമിന്റെ കുളിസോപ്പും കാല്‍ കിലോ തൂക്കമുള്ള ബ്രാന്‍ഡഡ് അലക്ക് സോപ്പുമാണ് കിറ്റിലുള്ളത്. 2000 രൂപ വീതം രണ്ടു തവണയായി 4000 രൂപയാണ് നല്കുന്നത്.
ഭക്ഷ്യകിറ്റ് നല്‍കുന്നത് തുടരുമെന്നും ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

മെയ് 16 ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന്‍ പാലിന് ലിറ്ററിന് 3 രൂപ കുറച്ചിരുന്നു. ജോലിക്ക് പോകുന്ന വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്രയും പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സിറ്റി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. സ്വകാര്യ ആശുപത്രിയില്‍ അടക്കം സൗജന്യ കോവിഡ് ചികിത്സയും ജനപ്രിയ പ്രഖ്യാപനമായിരുന്നു.

covid

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ധിപ്പിച്ച തീരുമാനം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണം. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.

നാഷണല്‍ ടെക്‌നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ് ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറയുടെ ശുപാര്‍ശയുടെ പകര്‍പ്പും ട്വീറ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മെയ് 13-നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍, ഇടവേള വര്‍ദ്ധനവിന്റെ തീരുമാനത്തെ അനുകൂലിക്കാനാവില്ലെന്ന് സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിച്ച നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെയാണ് അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നിൽ തലകുനിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട ഇനി വിലപോകില്ല. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 വരെ ആഴ്ചയാക്കി വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണിത്. ഇക്കാര്യത്തില് ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ല. വിവരങ്ങളെ അപഗ്രഥിക്കാൻ ഇന്ത്യയ്ക്ക് സുശക്തമായ സംവിധാനമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിൻ ഡോസ് ഇടവേള വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നാഷണൽ ടെക്‌നിക്കൽ അഡ്വസൈറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ മേധാവി ഡോ. എൻ കെ അറോറയുടെ ശുപാർശയുടെ പകർപ്പും ട്വീറ്റിനൊപ്പം ആരോഗ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോൾ വാക്‌സിൻ ഫലപ്രാപ്തി 65 ശതമാനം ആണെങ്കിൽ ഇടവേള 12 ആഴ്ചയായി വർധിപ്പിക്കുമ്പോൾ ഫലപ്രാപ്തി 88 ശതമാനമാണെന്ന് വ്യക്തമാക്കുന്ന യു.കെ. ഹെൽത്ത് റെഗുലേറ്ററുടെ റിപ്പോർട്ടാണ് എൻ.കെ. അറോറ സർക്കാരിന് കൈമാറിയത്.

ഇന്ത്യക്ക് വേണ്ടത് അതിവേഗമുള്ള സമ്പൂർണ്ണ വാക്‌സിനേഷനാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ വ്യാജമായ വ്യക്തിത്വത്തെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ രോഗ വ്യാപനത്തിനിടയാക്കുമെന്നും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: കോവിഡ് വാക്‌സിന് വേണ്ടി ഇനി പേയ് ടി എം വഴിയും ബുക്ക് ചെയ്യാം. കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ സ്വകാര്യ ആപ്പുകൾക്ക് അനുമതി നൽകിയതോടെയാണ് പേയ് ടി എം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്.

കോവിൻ പോർട്ടലിന് പുറമേ സ്വകാര്യ ആപ്പുകൾ വഴിയും വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു. 125 അപേക്ഷകരിൽ നിന്നും 91 അപേക്ഷകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. പേയ് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെൽത്ത്‌കെയർ, ഇൻഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിൻ ബുക്ക് ചെയ്യാനായി സർക്കാർ തെരഞ്ഞെടുത്തത്. കേരളം, ഉത്തർപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ പേയ് ടി എം മാത്രമാണ് സേവനം ആരംഭിച്ചത്.

പേയ് ടി എം ആപ്പ് വഴി എങ്ങനെയാണ് വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

പേയ് ടി എം ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ആദ്യം ലോഗിൻ ചെയ്യണം. ഫീച്ചർ സെക്ഷനിലെ വാക്സിൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സേർച് ചെയ്യാം. സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സിൻ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കാം. സ്ലോട്ട് ഇല്ലെങ്കിൽ നോട്ടിഫൈ മീ വെൻ സ്ലോട്ട്‌സ് ആർ അവയ്ലിബിൾ എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായതായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. യുപിയില്‍ ട്വിറ്ററിനെതിരെ ഫയല്‍ ചെയ്തിരുന്ന കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിപ്പിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു.

ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25ന് അവസാനിച്ചിരുന്നു. ചില കമ്പനികള്‍ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ നിന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത രീതിയിലുളള നടപടിയാണ് ഉണ്ടായതെന്നും ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം പറഞ്ഞു.

covid

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനായി മുൻകൂട്ടി ബുക്ക് ചെയ്യൽ ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ല.

രാജ്യത്തെ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ഗ്രാമപ്രദേശങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണ് നടക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ബുക്കിംഗ് സൗകര്യം എടുത്ത് മാറ്റുന്നതിലൂടെ വാക്‌സിൻ കുത്തിവെയ്പ്പിന്റെ വേഗത വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂൺ 21 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരൻമാർക്കും സൗജന്യമായി കേന്ദ്രം വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാക്‌സിൻ കുത്തിവെയ്പ്പിന് ബുക്ക് ചെയ്യൽ ഒഴിവാക്കുന്ന തീരുമാനം സംസ്ഥാനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബുക്കിംഗ് സൗകര്യം തുടരുമെന്നാണ് വിവരം.

ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്ന് ട്വിറ്റര്‍. ഐടി ഇന്റര്‍മീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്നു ട്വിറ്ററിനു കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണിത്. നോഡല്‍ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവന്‍സ് ഓഫിസറെയും കരാര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നിയമിച്ചതിനു പിന്നാലെയാണു നടപടി. ഐടി നിയമങ്ങള്‍ പാലിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്നു ട്വിറ്ററിനെതിരെ കടുത്ത നിലപാടാണു കേന്ദ്രം സ്വീകരിച്ചത്.

കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായുള്ള (ഐപാക്) കരാർ നീട്ടി തൃണമൂൽ കോൺഗ്രസ്. 2026 വരെയാണ് കരാർ നീട്ടിയത്. ഐപാക്കുമായുള്ള കരാർ നീട്ടിയെങ്കിലും മുഖ്യതന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇതിന്റെ ഭാഗമാകില്ല. ഐപാക്കിൽ നിന്നും പ്രശാന്ത് രാജിവെയ്ക്കുമെന്നാണ് വിവരം. പ്രശാന്ത് ഒഴികെയുള്ള ഒമ്പതംഗ നേതൃത്വമായിരിക്കും ഐപാക്കിനെ നയിക്കുകയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാളിൽ തൃണമൂലിന്റെ ഭരണ തുടർച്ചയ്ക്കും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ തിരിച്ചുവരവിനുമെല്ലാം പിന്നിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രശാന്ത് വിരമിക്കൽ സൂചന നൽകിയിരുന്നു. 2014 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാംപയിൻ രൂപപ്പെടുത്തിയത് പ്രശാന്ത് കിഷോറാണ്. കോൺഗ്രസ്, ജെഡിയു, എഎപി, ശിവസേന ന്നെിവർക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയാണ് ഐപാക്കുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. പുതിയ കരാർ അനുസരിച്ച് എല്ലാ സംസ്ഥാന/ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും ഐ-പാക് തൃണമൂലിനായി പ്രവർത്തിക്കും. ബംഗാളിനു പുറത്തേയ്ക്ക് തൃണമൂലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ഐപാക്കുമായുള്ള കരാർ നീട്ടിയിരിക്കുന്നത്.

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യമാണ് റദ്ദാക്കിയത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ റദ്ദ് ചെയ്തത്. 1961 ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് ഇതെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. 2021 മാർച്ച് 22 നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. 1961 ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത(നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.

ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം സംഘടനയ്ക്കും ലഭിച്ചിരുന്നു. 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിരുന്നുവെന്നും ആദായ നികുതി വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നിയമത്തിലെ 12AA (3) രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടുന്നു.വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെട്ടിരുന്നുവെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു.

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണ്ടെന്ന് തുറന്നുപറഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

സച്ചിന്റെ വാക്കുകള്‍

ഇംഗ്ലണ്ട്-ന്യൂസിലന്റ് ടെസ്റ്റ് പരമ്പര എപ്പോഴാണ് തീരുമാനിച്ചതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നേരത്തെ തീരുമാനിച്ചതാണ്. അതായത് കിവീസ് ഫൈനലില്‍ സ്ഥാനമുറപ്പിക്കുന്നതിനും മുമ്പായിരുന്നുവത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പൂര്‍ണമായും അപരിചിതമല്ല.
ഇന്ത്യന്‍ ടീം ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നേരിയ മുന്തൂക്കം കിവീസിനാണ്. കാരണം അവര്‍ ഇപ്പോള്‍ തന്നെ രണ്ട് ടെസ്റ്റുകള്‍ കളിച്ചു. ഫൈനലിന് ശേഷം ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനം സംഭവിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നമില്ലായിരുന്നു. ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം.