ന്യൂഡൽഹി: കോവിഡ് പോസിറ്റീവാകുന്നവരുടെ വാക്‌സിനേഷൻ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി ഗവേഷക സംഘം. ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വാക്‌സിനേഷൻ നൽകേണ്ടതേയില്ലെന്നാണ് ഒരു സംഘം ഗവേഷകർ അഭിപ്രായപ്പെടുന്നത്. എയിംസ് ഡോക്ടർമാരും ദേശീയ കോവിഡ് ദൗത്യ സംഘാംഗങ്ങളും ഉൾപ്പെടുന്ന ഒരു കൂട്ടം ആരോഗ്യ വിദഗ്ധരാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കോവിഡ് ബാധിച്ച് പ്രകൃതിദത്തമായ രോഗപ്രതിരോധം നേടിയവരിൽ പിന്നീട് വാക്‌സിൻ ഫലപ്രദമാണോ എന്ന കാര്യത്തിൽ ആവശ്യത്തിന് തെളിവുകളില്ലെന്നാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ ആവശ്യത്തിന് തെളിവുകൾ ലഭിച്ച ശേഷം മാത്രം ഈ വിഭാഗത്തിലുള്ളവർക്ക് വാക്‌സിൻ എടുക്കണമോയെന്ന് തീരുമാനിച്ചാൽ മതിയെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.
ഒരു തവണ കോവിഡ് ബാധിതരായവർക്ക് വീണ്ടും വൈറസ് പിടിപെടാൻ 10 മാസത്തേക്ക് സാധ്യതയില്ലെന്നാണ് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് എതിരെ ഇവരുടെ ശരീരത്തിൽ ആവശ്യത്തിന് ആന്റി ബോഡികൾ രൂപപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഈ പഠനം ചൂണ്ടിക്കാട്ടിയാണ് ഗവേഷകരുടെ പരാമർശം. വാക്‌സിനേഷന്റെ ഉദ്ദേശ്യം രോഗനിയന്ത്രണം ആയതിനാൽ ഇതേവരെ വൈറസ് പിടിപെടാത്തവർക്കാകണം മുൻഗണന നൽകേണ്ടതെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ വാക്‌സിൻ ലഭ്യതയിലുള്ള കുറവ് കൂടി കണക്കിലെടുത്താണ് ഗവേഷകർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നാണ് വിവരം. സാർവത്രിക വാക്‌സിനേഷനേക്കാൾ മുൻഗണന വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്സിൻ വിതരണ സമീപനമാകും നന്നാകുക. ജില്ലാ തലത്തിൽ നടക്കുന്ന തത്സമയ സീറോ സർവേയുടെ അടിസ്ഥാനത്തിലാകണം വാക്‌സിൻ നയതന്ത്രമെന്നും വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
വാക്‌സിനേഷൻ എടുത്തവരിലും എടുക്കാത്തവരിലും വീണ്ടും ഉണ്ടാകുന്ന കോവിഡ് ബാധയെ പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വിശദീകരിക്കുന്നു. അതേസമയം കോവിഡ് പോസിറ്റീവ് ആകുന്നവർ രോഗമുക്തി നേടി മൂന്നുമാസം കാത്തിരുന്ന ശേഷം മാത്രം കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

