കോവിഡ് വാക്‌സിനുകളുടെ പേറ്റന്റുകൾ താത്ക്കാലികമായി നീക്കം ചെയ്യണം; ജി7 രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

modi

ന്യൂഡൽഹി: കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് പരിരക്ഷ താൽക്കാലികമായി നീക്കംചെയ്യാൻ ജി7 രാജ്യങ്ങുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെർച്വൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരിയെ ആഗോളതലത്തിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഏക ഭൂമി, ഏക ആരോഗ്യം എന്ന സമീപനം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിനുകളുടെ നിർമാണം വർദ്ധിപ്പിക്കുന്നതിനായാണ് അവയുടെ പേറ്റന്റുകൾ താത്ക്കാലികമായി നീക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയയും മറ്റ് ചില രാജ്യങ്ങളും നരേന്ദ്രര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചുവെന്നാണ് വിവരം.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളുടെ വ്യാപനം പ്രതിരോധിക്കാൻ ആഗോള ഐക്യവും നേതൃത്വവും സഹാനുഭാവവും ആവശ്യമാണ്. ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള ആരോഗ്യപരിപാലത്തിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും മറ്റ് വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനാഗ്രഹിക്കുന്നു. കോവിഡ് ബാധിതരുടെ സമ്പർക്കം കണ്ടെത്താനും വാക്സിൻ വിതരണത്തിന്റെ ഏകോപനത്തിനും ഡിജിറ്റൽ മാദ്ധ്യമങ്ങൾ ഇന്ത്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതായും അദ്ദേഹം വിശദീകരിച്ചു.