ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനൊരുങ്ങി ശരത് പവാർ; യോഗം വിളിച്ചു

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് എൻസിപി നേതാവ് ശരത് പവാർ. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കം ചർച്ച ചെയ്യാനായാണ് ശരത് പവാർ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ശരത് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ഡൽഹിയിൽ വെച്ചായിരിക്കും യോഗം നടക്കുന്നത്. ആർജെഡി, എഎപി, തൃണമൂൽ കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള 15 പാർട്ടികളിലെ നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

2024 ലെ പൊതു തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ച ചെയ്യും. തെരഞ്ഞടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകുമെന്ന് എൻസിപി നേതാവ് നവാബ് മാലിക് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാണ് ശരത് പവർ ശ്രമിക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു. ഫറൂഖ് അബ്ദുള്ള, യശ്വന്ത് സിൻഹ, പവൻ വർമ, സജ്ഞയ് സിംഗ്, എപി സിംഗ്, ഡി രാജ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.