സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം: ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്. 20700 കോടിയാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണിത്. 2019 ൽ ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിൽ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

2006 ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ 2011, 2013, 2017 വർഷങ്ങളിൽ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായി. കസ്റ്റമർ നിക്ഷേപത്തിലൂടെ 4000 കോടി രൂപയുടെയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയുടെയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയുടെയും നിക്ഷേപമാണ് 2020 ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും രൂപത്തിലുമാണ് ഇവയുള്ളത്.

കസ്റ്റമർ മുഖേനയുള്ള നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019 നേക്കാൾ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ട്. 2018 മുതൽ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് സ്വിസ് ബാങ്ക് നികുതി വിഭാഗത്തിന് കണക്കുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.