മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി, നിര്‍ണായകനീക്കവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജനെ തിരഞ്ഞെടുത്തതിന് പിന്നാലെ സാമ്പത്തിക ഉപദേശക സമിതി രൂപീകരണത്തിലും സ്റ്റാലിന്റെ നിര്‍ണായക നീക്കം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്‍, നോബെല്‍ പ്രൈസ് ജേതാവ് എസ്തര്‍ ഡഫ്ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍, ധനകാര്യ സെക്രട്ടറിയായിരുന്ന എസ് നാരായന്‍, ഡെവലപ്‌മെന്റ് ജേര്‍ണലിസ്റ്റ് ജീന്‍ ഡ്രെസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിയിലെ അംഗങ്ങള്‍.

നിലവില്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സര്‍വീസ് പ്രെഫസറായി സേവനമനുഷ്ഠിക്കുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ നിലപാടുകള്‍കൊണ്ടും നയങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് സ്വന്തമാക്കിയത് എസ്തര്‍ ആയിരുന്നു. രഘുറാം രാജന്റെ പിന്‍ഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യന്‍.2003-2004 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു എസ് നാരായന്‍.