ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത എടിഎം സേവനങ്ങൾ സൗജന്യമാക്കി ബാങ്കുകൾ; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: എടിഎം വഴിയുള്ള പണം പിൻവലിക്കലിന് ചാർജ് വർധിപ്പിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകിയിട്ടും ഉപഭോക്താക്കൾക്ക് സൗജന്യമായി പിരിധിയില്ലാത്ത സേവനങ്ങൾ നൽകാൻ തയ്യാറായി ബാങ്കുകൾ. ഐഡിബിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് സൗജന്യ എടിഎം സേവനങ്ങൾ നൽകാൻ തയ്യാറായിരിക്കുന്നത്.

എടിഎം വഴിയുളള പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമുളള ചാർജ് വർദ്ധിപ്പിക്കാൻ അടുത്തിടെയാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. സേവനങ്ങളുടെ ചാർജ് 21 രൂപയായാണ് റിസർവ്വ് ബാങ്ക് വർധിപ്പിച്ചത്. അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് ഇത് നിലവിൽ വരിക. നിലവിൽ അഞ്ച് ഇടപാടുകളാണ് മിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളും സ്വന്തം എടിഎമ്മുകൾ വഴി പരമാവാധി സൗജന്യമായി അനുവദിക്കുക. അതിന് ശേഷമുളള ഓരോ സേവനങ്ങൾക്കും ചെറിയൊരു തുക ബാങ്കുകൾ ചാർജായി ഈടാക്കും.

ഐഡിബിഐ ബാങ്ക് അഞ്ച് ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ മൂന്ന് ഇടപാടുകളും സൗജന്യമായി അനുവദിക്കും. ചില തെരഞ്ഞെടുത്ത സേവനങ്ങൾ തികച്ചും സൗജന്യമായി അനുവദിക്കാനാണ് തീരുമാനമെന്ന് ഐഡിബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർടി ചാക്കോ അറിയിച്ചു.

ഏത് ഏടിഎമ്മിലും സൗജന്യ സേവനം അനുവദിക്കാനാണ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ തീരുമാനം. നിലവിൽ സിറ്റി ബാങ്കിൽ ഈ സേവനം ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസായി ഒരു ലക്ഷത്തിലധികമുളളവർക്ക് സ്വന്തം എടിഎമ്മിലും മറ്റ് എടിഎമ്മിലും പരിധികളില്ലാതെ സൗജന്യ സേവനത്തിന് അനുമതിയുണ്ട്.