മമത സർക്കാരിന് തിരിച്ചടി; അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ തിരിച്ചടി നേരിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി.

അക്രമ സംഭവങ്ങളിലെ പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജൂൺ 18 നാണ് കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

അന്വേഷണം നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്‌സനോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. പ്രശ്‌നബാധിത മേഖലകൾ സന്ദർശിക്കാനും നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു നിർദേശം. അന്വേഷണ സമിതിക്കുള്ള എല്ലാ സഹായങ്ങളും ബംഗാൾ സർക്കാർ ഒരുക്കി നൽകണമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി സർക്കാരിനെ അറിയിച്ചിരുന്നു. ഭീഷണി, ആക്രമണം, കൊള്ള, പീഡനം, സ്ഥലം പിടിച്ചെടുക്കൽ തുടങ്ങി 3243 പരാതികളാണ് വെസ്റ്റ് ബംഗാൾ ലീഗൽ സർവീസ് അതോറിറ്റിക്ക് ജൂൺ പത്ത് വരെ ലഭിച്ചത്. ജീവന് ഭീഷണിയുള്ളതിനാൽ 200 -ൽ അധികം പ്രവർത്തകർക്ക് സ്വന്തം വീടുകളിലെത്താൻ സാധിക്കുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാളിന്റെ ആരോപണം.

ഈ പരാതികളിൽ നടപടി സ്വീകരിക്കാത്തതിന് പശ്ചിമ ബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.