ഫ്‌ളാഷ് സെയിലുകൾ നിയന്ത്രിക്കും: കേന്ദ്രത്തിന്റെ പുതിയ ഇ കൊമേഴ്‌സ് നയത്തിലെ നിർദ്ദേശങ്ങൾ അറിയാം

ന്യൂഡൽഹി: ഓൺലൈൻ വിപണന രംഗത്തെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനുമായി പുതിയ നയങ്ങളുമായി കേന്ദ്രം. തിങ്കളാഴ്ച്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം ഓൺലൈനിൽ ഫ്‌ളാഷ് സെയിലുകൾക്ക് നിരോധനം വരും. കൃത്യസമയത്ത് ഉപയോക്താവ് ഓർഡർ ചെയ്ത വസ്തു എത്തിച്ചില്ലെങ്കിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടി വരും. ഫുഡ് ആന്റ് കൺസ്യൂമർ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിർദേശങ്ങൾ പുറത്തിറക്കിയത്.

ഓൺലൈൻ വിപണന രംഗത്തെ നിയന്ത്രണങ്ങൾക്കും മേഖലയിൽ കുത്തകവത്കരണം ഇല്ലാത്തതും സ്വതന്ത്ര്യവുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് തടയിടാനായും കച്ചവടത്തിന്റെ ധാർമ്മികതയ്ക്കുമായാണ് കേന്ദ്രം ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.

സർക്കാർ പുറത്തിറക്കിയ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്‌സ് റൂൾ)2020 കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം. ഇ-കോമേഴ്‌സ് സൈറ്റുകളിൽ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന് നൽകുന്ന ഉത്പന്നത്തിന്റെ കാലാവധിയും ഉത്പന്നം ഏതു രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്നും വ്യക്തമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ-കൊമേഴ്‌സ് സംരംഭം ഉത്തരവാദി ആയിരിക്കുമെന്നും നിർദേശങ്ങളിലുണ്ട്.

ഇ-കൊമേഴ്‌സ് സംരംഭങ്ങൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ആമസോൺ, ഫ്‌ളിപ്കാർട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്.