ചൈനയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി; വാക്‌സിൻ മൈത്രി പുനരാരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; അയൽരാജ്യങ്ങൾക്ക് വീണ്ടും വാക്‌സിൻ നൽകും

ന്യൂഡൽഹി: അയൽ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ അയൽരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് നിർത്തിവെച്ചത്. രണ്ടാം തരംഗ രോഗവ്യാപനം കുറഞ്ഞതോടെയാണ് വീണ്ടും മറ്റ് രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ വാക്‌സിൻ നൽകാനൊരുങ്ങുന്നത്. ജൂലായ് മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ ഇന്ത്യ വാക്സിൻ മൈത്രി പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ വാക്സിൻ നിർമ്മാണത്തിന്റെ തോതനുസരിച്ചായിരിക്കും അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇത്തവണ ഇന്ത്യ വിദൂര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകില്ലെന്നാണ് വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വാങ്ങിയിരുന്ന വാക്സിനുകൾ നൽകാനാണ് ഇന്ത്യയുടെ നീക്കം. ഭൂട്ടാനും പരിഗണന നൽകുന്നുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജനുവരി 20 മുതലാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് ‘വാക്സിൻ മൈത്രി’ എന്ന പദ്ധതിയുടെ ഭാഗമായി വാക്സിൻ സൗജന്യമായും വിൽപനയ്ക്കായും നൽകിത്തുടങ്ങിയത്. ഏപ്രിൽ മാസത്തിലാണ് വാക്‌സിൻ മൈത്രി പദ്ധതി ഇന്ത്യ താത്ക്കാലികമായി നിർത്തിയത്. ഇതിനിടെ 66 മില്യൺ ഡോസ് വാക്സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യ വാക്‌സിൻ കയറ്റുമതി താത്ക്കാലികമായി അവസാനിപ്പിച്ചതോടെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ കയറ്റുമതി ആരംഭിച്ചു. ചൈന ഇതുവരെ നേപ്പാളിന് എട്ട് ലക്ഷം ഡോസ് വാക്സിനും ബംഗ്ലാദേശിന് അഞ്ച് ലക്ഷം കോവിഡ് വാക്‌സിനും വിതരണം ചെയ്തു. എന്നാൽ ഇന്ത്യ വാക്‌സിൻ വിതരണം പുനരാരംഭിക്കണമെന്നാണ് അയൽരാജ്യങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നത്.