കോയമ്പത്തൂർ: കോവിഡ് മഹാമാരിയുടെ പിടിയിലാണ് ലോകരാജ്യങ്ങൾ. ആശങ്കയോടെയും ജാഗ്രതയോടെയുമാണ് കോവിഡിനെതിരെ ജനങ്ങൾ പോരാടുന്നത്. ആഘോഷങ്ങളും കൂടിച്ചേരലുകളും ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. മാസ്‌കിന്റെ മറവോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത് പോലും. കോവിഡ് വ്യാപനം ഇല്ലാതായി എല്ലാം പഴയപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.
ലോകം കോവിഡിന്റെ പിടിയിലാണെങ്കിലും വൈറസിനെ അകറ്റി നിർത്തിയിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്. അത്തരത്തിലൊരു പ്രദേശമാണ് കോയമ്പത്തൂരിലെ മലയോര മേഖലയിലെ ചിന്നമ്പതി എന്ന ആദിവാസി ഗ്രാമം. ഇതുവരെ ഒരൊറ്റ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതെ ഇപ്പോഴും കോവിഡ് മുക്തമായി തുടരുകയാണ് ഈ ഗ്രാമം. അതിനാൽ തന്നെ ഈ ഗ്രാമത്തിലുള്ളവർക്ക് മാസ്‌ക് ധരിക്കുകയോ സാനിട്ടൈസർ ഉപയോഗിക്കുകയോ വേണ്ട. ഈ ഗ്രാമത്തിലെ ആളുകൾ കോവിഡിനെ ഭയക്കാതെയാണ് ജീവിക്കുന്നത്.
ഗ്രാമത്തിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല എന്നതാണ് ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തതിന്റെ കാരണം. പ്രകൃതിയോട് പൂർണ്ണമായും ഇണങ്ങി ജീവിക്കുന്ന ഇവരുടെ ജീവിത രീതികളും ഗ്രാമവാസികളെ കോവിഡിന്റെ പിടിയിൽ നിന്നും അകറ്റി നിർത്തുന്നു. ഇന്റർനെറ്റും, മൊബൈലും, മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു വിദൂര ഗ്രാമമാണ് ചിന്നമ്പതി.

