ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ട്വിറ്ററിനോട് വിശദീകരണം ചോദിക്കുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണമെന്താണെന്നും നടപടികളുടെ വിശദാംശങ്ങളെ കുറിച്ചും ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂർ പറഞ്ഞു. നേരത്തെ തന്റെ അക്കൗണ്ടും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും തരൂർ അറിയിച്ചു. ‘റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിനാണ് തന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തത്.
ഒരു മണിക്കൂർ നേരത്തേക്കാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്. യു.എസ് പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന് ഒരുമണിക്കൂറോളം മന്ത്രിക്ക് ട്വിറ്റർ ഉപയോഗിക്കാനായില്ല. സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ളവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിന്റ ഈ നടപടിയെന്ന് അക്കൗണ്ടിലെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്റർ അവകാശപ്പെടുന്നത് പോലെ അവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

