ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി: തെരഞ്ഞെടുപ്പ് നടക്കുക മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.

എന്നാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാരാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. 2019 ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ യോഗം നടക്കുന്നത്.

രാഷ്ട്രപതി ഭരണത്തിൽ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നത്.