ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിൽ ഡെൽറ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 48 കേസുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡെൽറ്റാ പ്ലസ് കോവിഡ് വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ വകഭേദമാണ് ഡെൽറ്റാ പ്ലസ്. പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ വൈറസിന്റെ രൂക്ഷതയെക്കുറിച്ച് സംസാരിക്കാൻ കഴിയൂവെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം ഡെൽറ്റാ പ്ലസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്ന് നൽകിയ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

