മുംബൈ: കൊടും ചൂടിൽ വലഞ്ഞ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ 2022 ൽ ഇതുവരെ 25 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. കഴിഞ്ഞ 6 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
വിദർഭമേഖലയിൽ മാത്രം മരിച്ചത് 15 പേരാണ്.ചന്ദ്രപ്പൂർ പോലെ ചില ജില്ലകളിലെ താപനില ശരാശരി 46 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. മാർച്ച് – ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് 400 ഓളം പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. ആശുപത്രികളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐവി ഫ്‌ളൂയിഡ്, ഓആർഎസ് ലായനി, ഐസ് പാക്ക് എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്. ജനങ്ങൾ കഴിവതും വീടുകളിൽ കഴിയണമെന്നും പുറത്തിറങ്ങിയാൽ കുടയോ, തൊപ്പിയോ കരുതണമെന്നും കേന്ദ്രം അറിയിച്ചു. തൊഴിലിടങ്ങളിൽ കുടിവെള്ളം കരുതണം, പൊതു സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിലുടമകൾ വിശ്രമിക്കാൻ സൗകര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

