‘രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണം’; അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്നും ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍. ‘രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്’- എജി വ്യക്തമാക്കി. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്ന 1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിര്‍ത്തു.

അതേസമയം, അറ്റോര്‍ണി ജനറല്‍ എന്ന നിലക്ക് തന്റെ നിലപാടാണ് പറയുന്നത്. സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം വ്യത്യസ്തമായിരിക്കാം എന്നും എജി ചൂണ്ടിക്കാട്ടി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ഒരു പൗരന് ഭരണഘടന നല്‍കുന്ന സംരക്ഷണം ഇല്ലാതാകുന്നതാണെന്നും നിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഹര്‍ജിയില്‍ ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. വിശാലബെഞ്ചിന് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.