സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 34 പന്തില്‍ 2 ഫോറും 6 സിക്‌സുമടക്കം 62 റണ്‍സ് നേടിയ നിക്കോളാസ് പൂറാനും 25 പന്തില്‍ 45 റണ്‍സ് നേടിയ ഐയ്ഡന്‍ മാര്‍ക്രവും മാത്രമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തിളങ്ങിയുള്ളൂ.

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ക്കിയ, മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 58 പന്തില്‍ 12 ഫോറും 3 സിക്‌സുമടക്കം 92 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍, 35 പന്തില്‍ 3 ഫോറും 6 സിക്‌സുമടക്കം 67 റണ്‍സ് നേടിയ റോവ്മാന്‍ പവല്‍ എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. നാലാം വിക്കറ്റില്‍ 122 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.

നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയത്. സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തില്‍ ക്യാപിറ്റല്‍സ് നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥനത്തെത്താന്‍ പന്തിനും കൂട്ടര്‍ക്കും സാധിച്ചു. സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.