ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 150 മീറ്റര്‍ നീളത്തില്‍ തുരങ്കം കണ്ടെത്തി; ഒന്നരവര്‍ഷത്തിനിടെ ഇത് അഞ്ചാം തവണ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഭീകരര്‍ ഉപയോഗിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം ആന്റി ടണലിംഗ് അഭ്യാസത്തിനിടെ ബിഎസ്എഫ് സൈനികര്‍ കണ്ടെത്തി. തുരങ്കത്തിന്റെ തുറന്ന ഭാഗത്തിന് രണ്ട് അടിയോളമാണ് വ്യാസം. പ്രദേശത്ത് നിന്ന് 21 മണല്‍ ചാക്കുകളും കണ്ടെടുത്തു. ഇവ തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

നടക്കാനിരിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരെ അക്രമം നടത്താനുള്ള പാക് ഭീകരരുടെ നീക്കത്തെ ഇതിലൂടെ തടഞ്ഞതായി ജമ്മു ബിഎസ്എഫ് വ്യക്തമാക്കി. ഒന്നരവര്‍ഷത്തിനിടെ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ദുഷ്ട തന്ത്രമാണിതെന്ന് ബിഎസ്എഫ് ആരോപിച്ചു.

അതേസമയം, പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ രണ്ട് ചാവേറുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനായി ഈ തുരങ്കം ഉപയോഗിച്ചതായി ബിഎസ്എഫ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.