Kerala (Page 686)

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാധ്യത തേടി രാജ്ഭവൻ. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി വിധി കെ ടി യു ചട്ടത്തിന് വിരുദ്ധമാണ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവന്റെ നീക്കം.

വിഷയത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച സുപ്രീംകോടതിയെ സമീപിക്കാനാണ് രാജ്ഭവന്റെ പദ്ധതി. അതേസമയം, മുൻ കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയിൽ സർക്കാർ നിയമനത്തിൽ ഇടപെടരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിസി നിയമനത്തിന് സംസ്ഥാന സർക്കാർ മൂന്ന് അംഗ പാനൽ നൽകിയത്. നിയമനത്തിന് സർക്കാരിന് പാനൽ നൽകാം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്.

നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും പാനലിൽ ഗവർണർ തീരുമാനം സ്വീകരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികളില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് തീര്‍പ്പാക്കിയത്.

അതേസമയം, ഭക്ഷ്യവിഷബാധ തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും നേരത്തെ നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി കേസ് തീര്‍പ്പാക്കിയത്.

ഭക്ഷ്യവിഷബാധയൊഴിവാക്കാന്‍ ഷവര്‍മ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്റ് യോഗം ചേര്‍ന്ന് പരിശോധനകള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ഭക്ഷണ സ്ഥാപനങ്ങളിലെ എല്ലാവര്‍ക്കും ഫോസ്റ്റാക് ട്രെയിനിംഗും കര്‍ശനമാക്കിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തി വിജിലൻസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർ കൈപ്പറ്റുന്നുവെന്ന ആരോപണത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. ജില്ലാ കളക്ടറേറ്റുകളിലും CMDRF കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമാണ് പരിശോധന. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്.

CMDRF സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാർ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നായിരുന്നു ഉയർന്നിരുന്ന പരാതി. ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെ രേഖകൾ വ്യാജമാണെന്നും പരാതി ഉയർന്നിട്ടുണ്ട്്.

ഇത്തരക്കാർ വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പണം തട്ടുന്നു. ചിലയിടങ്ങളിൽ അർഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നുവെന്നും പരാതിയുണ്ട്. ഇത്തരം അപേക്ഷകളിൽ അർഹരായ വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോൺ നമ്പരിന് പകരം ഏജന്റിന്റെ ഫോൺ നമ്പർ നൽകും. തുക പാസായി അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഇത്തരം ഏജന്റുകൾ കൈപ്പറ്റുകയും ചെയ്യും. ഇത്തരം പരാതികൾ വർധിച്ചതോടെയാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചത്.

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങളേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ഉറപ്പാക്കേണ്ടതെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ജീവിത നിലവാരം മെച്ചപ്പെടും. പട്ടികജാതി വികസന വകുപ്പിനുകീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റൽ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാകായിക അക്കാദമിക് മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥിനികളെ ചടങ്ങിൽ ആദരിച്ചു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ കൂടി ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അവസരം കിട്ടിയാൽ ആരെക്കാളും മുന്നേറാൻ കഴിയുമെന്നാണ് മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ (എം.ആർ.എസ്.) വിദ്യാർഥികൾ തെളിയിക്കുന്നത്. സർക്കാർ ചെലവഴിക്കുന്ന പണത്തിന്റെ 100 ശതമാനവും നേട്ടമായി അവർ തിരിച്ചു തരുകയാണ്. അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ എട്ട് വിദ്യാർത്ഥികൾക്കാണ് ഈ വർഷം എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചത്. പുന്നപ്ര എം.ആർ.എസ്സിലെ മൂന്ന് പേർക്കും പ്രവേശനം ലഭിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയശതമാനത്തിലും സ്‌കൂളുകൾ വലിയ നേട്ടമാണ് കൈവരിച്ചത്. ആരെയും മോശക്കാരാക്കാൻ അല്ല അവർ ശ്രമിക്കുന്നത്. ഒപ്പം എത്താൻ വേണ്ടിയുള്ള പ്രയത്‌നങ്ങളാണ്. ഈ രംഗത്തെ ഓരോ ചുവടും തുല്യതയിലേക്കാണ്. എം.ആർ.എസ്സുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സിനിമാ നിർമ്മാണം, അഭിനയം തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇങ്ങനെ എല്ലാ മേഖലകളിലും ഈ വിഭാഗക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി വിഭാഗത്തിൽ നിന്നും 30,000 കുടുംബങ്ങളും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3000 കുടുംബങ്ങളും ഉൾപ്പെടെ അതിദാരിദ്ര്യത്തിൽ കഴിയുന്ന 64,006 കുടുംബങ്ങളാണ് സംസ്ഥാനത്തുളളത്. അവരെക്കൂടി ഈ അവസ്ഥയിൽ നിന്നും മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, വൈസ് പ്രസിഡന്റ് എ.പി. സരിത, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം രാമചന്ദ്രൻ മുല്ലശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ജയരാജ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം, പട്ടികജാതി ഉപദേശക സമിതി അംഗം ഡി. ലക്ഷ്മണൻ, പി.ടി.എ. പ്രസിഡന്റ് ഡി. സജീവ്, പ്രിൻസിപ്പാൾ ആർ. രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് പി. ഐ. സിന്ധു, ഹെഡ്മിസ്ട്രസ് എം. ഹൈമ, ജില്ല പട്ടികജാതി വികസന ഓഫീസർ ബി. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടിയായി.

അതേസമയം, ട്രാഫിക് വിഭാഗം ഐ.ജി എ. അക്ബറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി ആറു മുതല്‍ 12 വരെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

മദ്യപിച്ചു വാഹനമോടിച്ചതിന് തൃശൂര്‍ സിറ്റിയിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(538 എണ്ണം). കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍.

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു. കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കും. പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്‌ബൈ മോട്ടോര്‍ വാങ്ങും’- മന്ത്രി പറഞ്ഞു.

അതേസമയം, കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതില്‍ ഫോര്‍ട്ട് കൊച്ചി താലൂക്ക് ഓഫീസും തോപ്പുംപടി റോഡും കുടങ്ങളുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പശ്ചിമകൊച്ചിയില്‍ എല്ലായിടത്തും ടാങ്കറുകളില്‍ വെള്ളം എത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നും നടപ്പായില്ല.

കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള 20 കിലോമീറ്റര്‍ പരിധിയില്‍ കെട്ടിടങ്ങളുടെയും മറ്റു നിര്‍മിതികളുടെയും ഉയര നിയന്ത്രണം കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ തെക്ക് അടിമലത്തുറ മുതല്‍ വടക്ക് കഠിനംകുളം വരെയുള്ള പ്രദേശത്തെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതുമായ പ്രദേശമാണ് ഇത്. പ്രത്യേക നിറങ്ങള്‍ നല്‍കിയാണ് നിയന്ത്രണ മേഖലകളെ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) തരംതിരിച്ചിരിക്കുന്നത്.

മേഖലകളെ തരംതിരിച്ചിരിക്കുന്നത് ഇങ്ങനെ

• ചുവപ്പ് – വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് അടുത്തുള്ള പ്രദേശങ്ങള്‍ക്കു ചുവപ്പു നിറമായതിനാല്‍ ഇവിടെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് വിമാനത്താവള അതോറിറ്റിയുടെ (എഎഐ) പ്രത്യേക അനുമതി വേണ്ടി വരും.
• നീല – കെട്ടിടങ്ങള്‍ക്ക് 10 മീറ്ററില്‍ കൂടുതല്‍ ഉയരം വേണ്ടി വന്നാല്‍ എഎഐയുടെ അനുമതി തേടണം.
• പര്‍പ്പിള്‍ – കെട്ടിടങ്ങള്‍ക്കു പരമാവധി 15 മീറ്റര്‍ ഉയരം.
• മഞ്ഞ – 20 മീറ്റര്‍ വരെ ഉയരമാകാം.
• ബ്രൗണ്‍ – 30 മീറ്റര്‍ വരെ ഉയരമാകാം.
• കടുംപച്ച – 40 മീറ്റര്‍ ഉയര നിയന്ത്രണം.
• ഇളം നീല – 50 മീറ്റര്‍ ഉയര നിയന്ത്രണം.
• കടുംമഞ്ഞ – 80 മീറ്റര്‍ ഉയര നിയന്ത്രണം.
• ഇളം പര്‍പ്പിള്‍ – 110 മീറ്റര്‍ ഉയര നിയന്ത്രണം.
• പച്ച – 140 മീറ്റര്‍ ഉയര നിയന്ത്രണം. വിമാനത്താവളത്തിന്റെ 20 കിലോമീറ്റര്‍ പരിധിയിലെ മറ്റു പ്രദേശങ്ങളെല്ലാം ഈ പരിധിയിലാണ്.

0 മീറ്റര്‍ വിമാനത്താവള പ്രദേശം, സലഫി നഗര്‍, പ്രിയദര്‍ശനി നഗര്‍, വലിയകുളം, ചാക്ക, വലിയതോപ്പ്, സുഭാഷ് നഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍.

10 മീറ്റര്‍ വള്ളക്കടവ്, വള്ളക്കടവ് മുസ്‌ലിം ജമാഅത്ത്.

15 മീറ്റര്‍ ആര്യന്‍കുഴി, ത്രിമൂര്‍ത്തി നഗര്‍, കല്ലുമ്മൂട്, കരിക്കകം, വെണ്‍പാലവട്ടം.

20 മീറ്റര്‍ നീലാറ്റിന്‍കര, വലിയുറ, ശ്രീവരാഹം, ചെന്തിട്ട, വികെകെ നഗര്‍, പഴവങ്ങാടി, ഈഞ്ചക്കല്‍, സംഗീത നഗര്‍, പേട്ട, ശംഖുമുഖം, കണ്ണാന്തുറ, കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ ഏരിയ.

30 മീറ്റര്‍ മാധവപുരം കോളനി, കൊച്ചുവേളി, ആനയറ, നാലുമുക്ക്, പാല്‍ക്കുളങ്ങര, മുക്കോലക്കല്‍, മണക്കാട്, മുട്ടത്തറ, കമലേശ്വരം, പള്ളിത്തെരുവ്, ബീമാപ്പള്ളി, പരവന്‍കുന്ന്, കുമരിച്ചന്ത.

40 മീറ്റര്‍ കരിങ്കടമുഗള്‍, പൂന്തുറ, തിരുവല്ലം, ബാപ്പുജി നഗര്‍, ശ്രീശാസ്താ നഗര്‍, കരിമ്പുവിള, അമ്പലത്തറ, പുഞ്ചക്കരി, മരുതൂര്‍ക്കടവ്, സ്‌നേഹപുരി, പാപ്പനംകോട്, ആറ്റുകാല്‍, കല്ലാറ്റുമുക്ക്, ചിറമുക്ക്, കൈമനം, വിനായക നഗര്‍, കരമന, അട്ടക്കുളങ്ങര, പുത്തന്‍കോട്ട, വലിയശാല, തൈക്കാട്, വഴുതക്കാട്, നന്ദാവനം, നന്തന്‍കോട്, വ്യാസ നഗര്‍, കേശവദാസപുരം, വഞ്ചിയൂര്‍, കണ്ണമ്മൂല, മുറിഞ്ഞപാലം, ഒരുവാതില്‍ക്കോട്ട, പ്രശാന്ത് നഗര്‍, കരിമണല്‍, തുമ്പ.

50 മീറ്റര്‍ കോട്ടപ്പുറം, മുക്കോല, വിഴിഞ്ഞം, തൊഴിച്ചാല്‍, കല്ലുവെട്ടാന്‍കുഴി, കോവളം, മുട്ടക്കാട്, വെങ്ങാനൂര്‍, കറ്റച്ചക്കുഴി, വെങ്ങാനൂര്‍, വാഴമുട്ടം, കക്കാക്കുഴി, കണ്ണാരംകോട്, പാച്ചല്ലൂര്‍, വെള്ളായണി, മുക്കാലൂര്‍മൂല, ഊക്കോട്, ണ്‍വിള, പരുത്തിക്കുന്ന്, ശ്രീകാര്യം, തട്ടിനകം, കല്ലംപള്ളി, ഭാസി നഗര്‍, മണ്‍വിള, പാങ്ങപ്പാറ, കഴക്കൂട്ടം, വടക്കുംഭാഗം, രാമചന്ദ്ര നഗര്‍.

80 മീറ്റര്‍ പെരിങ്ങമ്മല, വെടിവച്ചാന്‍കോവില്‍, മുടവൂര്‍പ്പാറ, പുന്നമൂട്, ശാന്തിവിള, കുറുമി, സത്യനഗര്‍

110 മീറ്റര്‍ അടിമലത്തുറ, കഴിവൂര്‍, കടൈക്കുളം, നെല്ലിമൂട്, തുണ്ടത്തില്‍, മുക്കില്‍ക്കട, പൗഡിക്കോണം, കാപ്പിവിളവീട്, കാര്യവട്ടം, നവോദയ നഗര്‍, മേനംകുളം, ചിറ്റാറഅറുമുക്ക്, ഫാത്തിമാപുരം, പുത്തന്‍തോപ്പ്, പടിഞ്ഞാറ്റുമുക്ക്, ആനപ്പാറ, കഠിനംകുളം, നേതാജിപുരം, തോപ്പുമുക്ക്, മുരുക്കുംപുഴ, നമ്പ്യാര്‍കുളം.

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തെ പോലീസിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് പോലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഡി.ജി.പിമാരയ കെ.പത്മകുമാർ, ഡോ. ഷേക്ക് ദർവേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാർ, എം.ആർ.അജിത് കുമാർ, തുമ്മല വിക്രം, ഗോപേഷ് അഗർവാൾ, എച്ച്.വെങ്കിടേഷ് എന്നിവരും സോൺ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തു.

കാപ്പാ നിയമപ്രകാരമുളള നടപടിക്രമങ്ങൾ വിവിധ ജില്ലകളിൽ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. ലഹരിവസ്തുക്കൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ലഹരി പദാർത്ഥങ്ങൾ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസുകളിൽ വിവിധ ജില്ലകളിൽ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുളളിൽ ഉണ്ടായി. ഈ മുന്നേറ്റം ശക്തമായി കൊണ്ടുപോകാൻ ലഹരി മരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കാൻ തീരുമാനിച്ചു. ഈ മേഖലയിലെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച എറണാകുളം റൂറൽ, മലപ്പുറം, കാസർഗോഡ് ജില്ലാ പോലീസ് മേധാവിമാരെ യോഗം അഭിനന്ദിച്ചു.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു കണ്ടെത്താനായി ബസ് സ്റ്റാൻറുകളിൽ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നൽ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി റദ്ദാക്കാൻ ശുപാർശ ചെയ്യും. പൊതുജനങ്ങളോടുളള പോലീസിൻറെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയർന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി ബന്ധം പുലർത്തുന്ന ചുരുക്കം ചില പോലീസ് ഓഫീസർമാർക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന ശക്തമായ നിയമനടപടികൾ വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. അത്തരക്കാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. നിയമത്തിൻറെ പഴുതുകളിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാത്ത വിധത്തിലായിരിക്കണം ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത്. ഇതിനായി കൃത്യമായ നിയമോപദേശം തേടണം. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ ഇടവേളകളിൽ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിമാരും ഡി.ഐ.ജിമാരും ശ്രദ്ധിക്കണം. ഇതിനൊപ്പംതന്നെ സർവ്വീസിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെതന്നെ ആദരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാർ മുൻഗണന നൽകണം. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പോലീസ് മേധാവിമാർ എല്ലാ ആഴ്ചയും വിളിച്ചുചേർത്ത് ലഭ്യമായ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യണം. പൊതു ഇടങ്ങളിൽ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാ പോലീസ് മേധാവിമാർ മുൻകൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ ഒരെണ്ണം റോഡിലെ ദൃശ്യങ്ങൾ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കണം.

എമർജെൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിൻറെ (ERSS)) അടിയന്തിര സഹായനമ്പരായ 112 ൽ ലഭിക്കുന്ന കോളുകൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ സഹായം ലഭ്യമാക്കണം. ഓരോ ജില്ലയിലും സഹായം ലഭ്യമാക്കാൻ ഇപ്പോൾ എടുക്കുന്ന സമയം കുറയ്ക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കണം. സൈബർ തട്ടിപ്പുകൾക്കെതിരെയുളള പോലീസ് നടപടികൾ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി തെലുങ്കാനയിൽ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു.

ബഡ്‌സ് (Banning of Unregulated Deposit Scheme) ആക്ട് പ്രകാരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉടനടി നടപടി സ്വീകരിച്ച് സർക്കാർ നിയമിച്ച കോംപീറ്റൻറ് അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം, സാമ്പത്തിക തട്ടിപ്പിൽപെടുന്നവർക്ക് കോംപീറ്റൻറ് അതോറിറ്റി മുഖേന നഷ്ടം നികത്താൻ വലിയൊരളവിൽ സാധിക്കും. ഏറെ നാളായി നടപ്പിലാക്കാത്ത വാറൻറുകൾ (Long Pending Warrants) എത്രയും വേഗം നടപ്പാക്കും. ഇത് എല്ലാ ആഴ്ചയും ജില്ലാ പോലീസ് മേധാവിമാർ വിലയിരുത്തും. പ്രധാനപ്പെട്ട കേസുകളുടെ പ്രോസിക്യൂഷൻ സംബന്ധിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുളള സമിതികൾ കൃത്യമായി നിരീക്ഷിക്കാനും അതുവഴി ശിക്ഷാനിരക്ക് (Conviction Rate) ഉയരുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

റോഡപകടങ്ങൾ കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ ട്രാഫിക് അവലോകന യോഗത്തിൽ നൽകിയ നിർദ്ദേശങ്ങളുടെ നടത്തിപ്പിൻറെ പുരോഗതി സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി. ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കൂടുതൽ അപകടങ്ങൾ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. നടപ്പാതകൾ കൈയ്യേറി വാഹനം പാർക്ക് ചെയ്യുന്നത് കർശനമായി തടയും.

പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഉന്നതതലത്തിൽ കൃത്യമായി വിലയിരുത്തും. ഇതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകളിൽ അസമയങ്ങളിൽ മിന്നൽ സന്ദർശനം നടത്തും. ഇപ്പോഴത്തെ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് ഈ തീരുമാനം.

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. വാഹന വായ്പ, കൂടരഞ്ഞി പഞ്ചായത്തിലെ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട കേസുകളിലാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഉത്തരവുകൾ. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായി ഇത്തരത്തിൽ പ്രാദേശിക ഭാഷയിൽ ഉത്തരവിറക്കുന്നത് കേരളാ ഹൈക്കോടതിയാണ്.

മലയാള പരിഭാഷ തയാറാക്കുന്നത് നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ്. ഇംഗ്ലീഷ് ഭാഷയിൽ നിന്ന് തർജമ ചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റൻസ് വലിയൊരു പാരഗ്രാഫാണ്. ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നാണ് കോടതി വിധിന്യായങ്ങൾ വായിച്ചു മനസിലാക്കുക എന്നത്. പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് ഇതിനൊരു പരിഹാരമാണ്. കോടതി ഉത്തരവുകൾ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശിക ഭാഷയിൽ പരിഭാഷ വേണ്ടതുണ്ടെന്ന് നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.