ചരിത്ര തീരുമാനം നടപ്പിലാക്കി കേരളാ ഹൈക്കോടതി; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. വാഹന വായ്പ, കൂടരഞ്ഞി പഞ്ചായത്തിലെ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട കേസുകളിലാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ച ഉത്തരവുകൾ. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായി ഇത്തരത്തിൽ പ്രാദേശിക ഭാഷയിൽ ഉത്തരവിറക്കുന്നത് കേരളാ ഹൈക്കോടതിയാണ്.

മലയാള പരിഭാഷ തയാറാക്കുന്നത് നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ്. ഇംഗ്ലീഷ് ഭാഷയിൽ നിന്ന് തർജമ ചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റൻസ് വലിയൊരു പാരഗ്രാഫാണ്. ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നാണ് കോടതി വിധിന്യായങ്ങൾ വായിച്ചു മനസിലാക്കുക എന്നത്. പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കുന്നത് ഇതിനൊരു പരിഹാരമാണ്. കോടതി ഉത്തരവുകൾ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശിക ഭാഷയിൽ പരിഭാഷ വേണ്ടതുണ്ടെന്ന് നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.