മദ്യപിച്ചുള്ള ഡ്രൈവിംഗ്: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടിയായി.

അതേസമയം, ട്രാഫിക് വിഭാഗം ഐ.ജി എ. അക്ബറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി ആറു മുതല്‍ 12 വരെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.

മദ്യപിച്ചു വാഹനമോടിച്ചതിന് തൃശൂര്‍ സിറ്റിയിലാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(538 എണ്ണം). കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍.