നടപ്പാതകൾ കൈയ്യേറി വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടി; ഹൈവേ പട്രോളിംഗ് ശക്തമാക്കാൻ നിർദ്ദേശിച്ച് ഡിജിപി

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തെ പോലീസിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് പോലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഡി.ജി.പിമാരയ കെ.പത്മകുമാർ, ഡോ. ഷേക്ക് ദർവേഷ് സാഹിബ്, റ്റി.കെ.വിനോദ് കുമാർ, എം.ആർ.അജിത് കുമാർ, തുമ്മല വിക്രം, ഗോപേഷ് അഗർവാൾ, എച്ച്.വെങ്കിടേഷ് എന്നിവരും സോൺ ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും ജില്ലാ പോലീസ് മേധാവിമാരും പങ്കെടുത്തു.

കാപ്പാ നിയമപ്രകാരമുളള നടപടിക്രമങ്ങൾ വിവിധ ജില്ലകളിൽ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. ലഹരിവസ്തുക്കൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ലഹരി പദാർത്ഥങ്ങൾ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസുകളിൽ വിവിധ ജില്ലകളിൽ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുളളിൽ ഉണ്ടായി. ഈ മുന്നേറ്റം ശക്തമായി കൊണ്ടുപോകാൻ ലഹരി മരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പാക്കാൻ തീരുമാനിച്ചു. ഈ മേഖലയിലെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച എറണാകുളം റൂറൽ, മലപ്പുറം, കാസർഗോഡ് ജില്ലാ പോലീസ് മേധാവിമാരെ യോഗം അഭിനന്ദിച്ചു.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു കണ്ടെത്താനായി ബസ് സ്റ്റാൻറുകളിൽ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നൽ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി റദ്ദാക്കാൻ ശുപാർശ ചെയ്യും. പൊതുജനങ്ങളോടുളള പോലീസിൻറെ സമീപനം പൊതുവേ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയർന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായി ബന്ധം പുലർത്തുന്ന ചുരുക്കം ചില പോലീസ് ഓഫീസർമാർക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന ശക്തമായ നിയമനടപടികൾ വേഗത്തിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. അത്തരക്കാർക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. നിയമത്തിൻറെ പഴുതുകളിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാത്ത വിധത്തിലായിരിക്കണം ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടത്. ഇതിനായി കൃത്യമായ നിയമോപദേശം തേടണം. സാമൂഹ്യവിരുദ്ധരുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ ഇടവേളകളിൽ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിമാരും ഡി.ഐ.ജിമാരും ശ്രദ്ധിക്കണം. ഇതിനൊപ്പംതന്നെ സർവ്വീസിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥരെ കാലതാമസം കൂടാതെതന്നെ ആദരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാർ മുൻഗണന നൽകണം. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ പോലീസ് മേധാവിമാർ എല്ലാ ആഴ്ചയും വിളിച്ചുചേർത്ത് ലഭ്യമായ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യണം. പൊതു ഇടങ്ങളിൽ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാ പോലീസ് മേധാവിമാർ മുൻകൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ ഒരെണ്ണം റോഡിലെ ദൃശ്യങ്ങൾ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കണം.

എമർജെൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിൻറെ (ERSS)) അടിയന്തിര സഹായനമ്പരായ 112 ൽ ലഭിക്കുന്ന കോളുകൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ സഹായം ലഭ്യമാക്കണം. ഓരോ ജില്ലയിലും സഹായം ലഭ്യമാക്കാൻ ഇപ്പോൾ എടുക്കുന്ന സമയം കുറയ്ക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കണം. സൈബർ തട്ടിപ്പുകൾക്കെതിരെയുളള പോലീസ് നടപടികൾ ശക്തമാക്കുന്നതിനായി പ്രത്യേക പദ്ധതിരേഖ തയ്യാറാക്കും. ഇതിനായി തെലുങ്കാനയിൽ നടപ്പിലാക്കിയ സംവിധാനം ഇവിടെയും നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു.

ബഡ്‌സ് (Banning of Unregulated Deposit Scheme) ആക്ട് പ്രകാരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉടനടി നടപടി സ്വീകരിച്ച് സർക്കാർ നിയമിച്ച കോംപീറ്റൻറ് അതോറിറ്റിയെ വിവരം അറിയിക്കും. ഇതുമൂലം, സാമ്പത്തിക തട്ടിപ്പിൽപെടുന്നവർക്ക് കോംപീറ്റൻറ് അതോറിറ്റി മുഖേന നഷ്ടം നികത്താൻ വലിയൊരളവിൽ സാധിക്കും. ഏറെ നാളായി നടപ്പിലാക്കാത്ത വാറൻറുകൾ (Long Pending Warrants) എത്രയും വേഗം നടപ്പാക്കും. ഇത് എല്ലാ ആഴ്ചയും ജില്ലാ പോലീസ് മേധാവിമാർ വിലയിരുത്തും. പ്രധാനപ്പെട്ട കേസുകളുടെ പ്രോസിക്യൂഷൻ സംബന്ധിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുളള സമിതികൾ കൃത്യമായി നിരീക്ഷിക്കാനും അതുവഴി ശിക്ഷാനിരക്ക് (Conviction Rate) ഉയരുന്നുവെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു.

റോഡപകടങ്ങൾ കുറയ്ക്കാനായി മുഖ്യമന്ത്രിയുടെ ട്രാഫിക് അവലോകന യോഗത്തിൽ നൽകിയ നിർദ്ദേശങ്ങളുടെ നടത്തിപ്പിൻറെ പുരോഗതി സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി. ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കൂടുതൽ അപകടങ്ങൾ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. നടപ്പാതകൾ കൈയ്യേറി വാഹനം പാർക്ക് ചെയ്യുന്നത് കർശനമായി തടയും.

പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ഉന്നതതലത്തിൽ കൃത്യമായി വിലയിരുത്തും. ഇതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകളിൽ അസമയങ്ങളിൽ മിന്നൽ സന്ദർശനം നടത്തും. ഇപ്പോഴത്തെ പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് ഈ തീരുമാനം.