Kerala (Page 687)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. മാർച്ച് ഏഴിനാണ് ആറ്റുകാൽ പൊങ്കാല നടക്കുക. അന്നേ ദിവസം എറണാകുളത്തേക്കും നാഗർകോവിലിലേക്കും അധിക സർവീസുകൾ നടത്തുമെന്ന് റെയിൽവേ വ്യക്തമാക്കി.

10 ട്രെയിനുകൾക്ക് വിവിധയിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധിക ട്രെയിനുകൾക്ക് പുറമെ മൂന്നു പാസഞ്ചർ ട്രെയിനുകളിൽ കൂടുതൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരുക്കാനും റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ കോട്ടയം പാസഞ്ചർ, കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സമയം തിരുവനന്തപുരത്ത് നിർത്തിയിടും. മാർച്ച് 7 ന് പുലർച്ചെ 1.45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തും.

പൊങ്കാല അവസാനിച്ച ശേഷം തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വൈകിട്ട് 3.30 നും തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്ക് ഉച്ചക്ക് 2.45 നും ട്രെയിനുകൾ ഉണ്ടാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ അനുവദിക്കുവാൻ നടപടി. വിജിലൻസ് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടിയാണ് കൂടുതൽ വിജിലൻസ് കോടതികൾ ആരംഭിക്കുന്നത്. വിജിലൻസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി. ഹർഷിത അട്ടല്ലൂരി, എസ്.പിമാരായ ഇ എസ് ബിജുമോൻ, റെജി ജേക്കബ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, വിജിലൻസ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡിവിഷൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെന്റ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

മൂന്നുമാസം കൂടുമ്പോൾ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തന അവലോകന റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. 3 മാസത്തിലൊരിക്കൽ അവരുടെ വിശകലന യോഗം വിജിലൻസ് ഡയറക്ടറേറ്റിൽ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കും പരിശീലനം നൽകും. ആഭ്യന്തര വിജിലൻസ് സെല്ലിൽ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകൾക്കും അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിക്കും. കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി വാങ്ങണമെന്നും യോഗം നിർദ്ദേശം നൽകി.

കോടതി വെറുതെ വിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം. രണ്ട് മാസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്‌തെന്ന് ഉറപ്പാക്കണം. ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതിന് ലെയ്‌സൺ ഓഫീസറെ നിയമിക്കാനും അധികൃതർ തീരുമാനിച്ചു.

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി. ത്രിപുരയിൽ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായ അവസ്ഥയിലാണ് ഇപ്പോൾ സിപിഎം. ഒരുകാലത്ത് സംസ്ഥാനത്ത് പ്രതാപികളായി വാണിരുന്ന സിപിഎമ്മിന് അഞ്ചു വർഷം വർഷം മുൻപാണ് ഭരണം നഷ്ടമായത്. പശ്ചിമബംഗാളിന് സമാനമായ പ്രതിസന്ധിയാണ് സിപിഎം ത്രിപുരയിലും നേരിടുന്നത്. പ്രതിസന്ധി മറികടക്കാൻ ത്രിപുരയിൽ ഇത്തവണ കോൺഗ്രസുമായി സിപിഎം സഖ്യം ചേർന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ തവണത്തേക്കാളും വലിയ വോട്ടുചോർച്ചയാണ് ഇത്തവണ സിപിഎമ്മിന് നേരിടേണ്ടി വന്നത്. പ്രദ്യോത് മാണിക്യ ദേബ് ബർമന്റെ നേതൃത്വത്തിൽ ത്രിപമോത എന്ന പേരിലുള്ള ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവിർഭാവം പ്രതിപക്ഷ വോട്ടുകൾ, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ത്രിപുരയിൽ 11 സീറ്റുകൾ മാത്രമാണ് സിപിഎമ്മിന് നേടാൻ കഴിഞ്ഞത്. 24.6 ശതമാനം വോട്ടുകളാണ് സിപിഎം ഇത്തവണ നേടിയത്.

എന്നാൽ ബിജെപി 32 സീറ്റുകളിൽ വിജയിക്കുകയും 39 ശതമാനത്തോളം വോട്ടുകൾ നേടുകയും ചെയ്തു. കോൺഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടി. ത്രിപമോത പാർട്ടിക്ക് 22 ശതമാനത്തോളം വോട്ടുകൾ നേടാനും കഴിഞ്ഞു.

ഇടുക്കി: പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ) രജിസ്ട്രാർ തസ്തികയിലേക്ക് നിയമനം. 2023 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്.

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ സേവന പരിചയം (10 വർഷം മുതിർന്ന തസ്തികയിൽ) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ചു വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.orgൽ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 10.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് നാരങ്ങ. ഇത് ആരോഗ്യത്തിന് ഒട്ടേറെ ഗുണം ചെയ്യും. വിറ്റാമിനുകളാൽ സമ്പന്നമാണ് നാരങ്ങ. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം നാരങ്ങ സഹായിക്കും. എന്നാൽ, ചില ഭക്ഷണങ്ങളോടൊപ്പം നാരങ്ങ കഴിക്കുന്നത് നല്ലതല്ല. അവ എന്തൊക്കെയാണെന്ന് നോക്കാം.

തൈര്

തൈരും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇത് ജലദോഷത്തിനും അലർജിക്കും കാരണമാകും. പാലുൽപ്പന്നങ്ങളുടെയും പുളിയുള്ള പഴങ്ങളുടെയും സംയോഗം ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ആയുർവേദം പറയുന്നത്.

പപ്പായ

പപ്പായയും നാരങ്ങയും ഒന്നിച്ച് കഴിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. ഇത് നിങ്ങളുടെ ഹീമോഗ്ലോബിൻ കുറയ്ക്കാൻ കാരണമാകും. ഇതിലൂടെ നിങ്ങൾക്ക് അനീമിയ ബാധിക്കാനിടയുണ്ട്.

പാൽ

പുളിയുള്ള സാധനങ്ങൾ പാലിനൊപ്പം കഴിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് പാൽ കുടിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രം നാരങ്ങ കഴിക്കണം.

തക്കാളി

തക്കാളിയും നാരങ്ങയും സാലഡിന്റെ രൂപത്തിൽ കഴിക്കുന്ന ചിലരെയെങ്കിലും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഇങ്ങനെ ഒരിക്കലും കഴിക്കരുത്. നാരങ്ങയും തക്കാളിയും ഒരു മോശം ഭക്ഷണ കോമ്പിനേഷനാണ്. നാരങ്ങയും തക്കാളിയും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും.

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ.

ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുയിൽ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0484 2754000. മാർച്ച് 7 ന് രാവിലെ 10.30നാണ് കൂടിക്കാഴ്ച്ച നടക്കുന്നത്.

കൊച്ചി: പാചകവാതക വില വര്‍ധന കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

‘പെട്രോളിയം കമ്ബനികള്‍ക്ക് അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ച് തീര്‍ത്തു. സിലിണ്ടര്‍ ഗ്യാസിന്റെ കാലം കഴിഞ്ഞു. ഇനി സിറ്റി ഗ്യാസ് ലൈന്‍ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടര്‍ ഗ്യാസ് ഉപയോഗം നില്‍ക്കും’- അദ്ദേഹം പറഞ്ഞു.

അതേസമയം, പാചകവാതക സിലിണ്ടറിന് ഇന്നലെ 50 രൂപ കൂട്ടിയിരുന്നു. ഇതോടെ പുതിയ ഗാര്‍ഹിക സിലിണ്ടറിന് വില 1110രൂപയായി. വാണിജ്യ സിലിണ്ടര്‍ ലഭിക്കാന്‍ ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികച്ച മാതൃക സൃഷടിക്കുന്നുവെന്നും ഈ യാഥാര്‍ത്ഥ്യം പലപ്പോഴും തമസ്‌ക്കരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കൈറ്റ് വിക്ടേഴ്സ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസണ്‍ 03 ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടാക്കിയതിന്റെ പേരില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറക്കുകയാണ്. ഹരിത വിദ്യാലയം റിയാല്‍റ്റി ഷോ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി മാറി. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താല്‍ മതിയാകില്ലെന്നും നൂതന ആശയങ്ങള്‍ക്കൊപ്പം ചരിത്രബോധവും പകര്‍ന്ന് നല്‍കണം’- അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ കുടുംബവുമായി ബന്ധമുള്ള ആന്തൂരിലെ വൈദേകം ആയുര്‍വേദിക് റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ആദായനികുതി വകുപ്പും ജിഎസ്ടി വകുപ്പും പരിശോധന തുടങ്ങിയത്. ഇ പിയുടെ ഭാര്യ പി കെ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ട്.13 ഡയറക്ടര്‍മാര്‍ ഉള്ള റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരിയുള്ളത് ജെയ്‌സനാണ്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്.

ഇതേ സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്ബാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.

അതേസമയം, കണ്ണൂര്‍ ആയുര്‍വ്വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പേരിലാണ് റിസോര്‍ട്ട്. ഇ പി ജയരാജന്റെ മകന്‍ ജയ്സണാണ് കമ്ബനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. തലശ്ശേരിയിലെ കെട്ടിട നിര്‍മ്മാണക്കരാറുകാരനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരുന്ന വേളയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രശ്നമില്ലാതെ പരിഹരിച്ചു നല്‍കിയിരുന്നു. ഇ.പി. ജയരാജന്റെ കുടുംബത്തില്‍ പി.കെ. ഇന്ദിരയ്ക്കും മകന്‍ ജയ്സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുന്‍ എം.ഡി. കെ.പി. രമേശ്കുമാറും മകള്‍ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവില്‍ ഉള്ളത്. 2021-ല്‍ ബാങ്കില്‍നിന്ന് വിരമിച്ച് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണായി പി.കെ. ഇന്ദിര ചുമതലയേല്‍ക്കുമ്‌ബോള്‍ ചുരുങ്ങിയ ഷെയര്‍ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയര്‍) മകന്‍ ജയ്സണായിരുന്നു ചെയര്‍മാന്‍. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തില്‍ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയര്‍പേഴ്സണാക്കി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തു. 48 കിടക്കകളുള്ള സ്ഥാപനത്തില്‍ താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേരുണ്ട്. മെഡിക്കല്‍ ടൂറിസം എന്നനിലയില്‍ സ്ഥാപനത്തെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ശിവശങ്കര്‍ ഉന്നത സ്വാധീനമുള്ള ആളായതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇഡി പ്രത്യേക സിബിഐ കോടതിയില്‍ ഉന്നയിച്ച വാദം.

അതേസമയം, തനിക്കെതിരെ മൊഴികള്‍ മാത്രമാണുള്ളതെന്നുംപ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. എന്നാല്‍, ഈ വാദം കോടതി തള്ളി.