Kerala (Page 331)

സോളാര്‍ പീഡന ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കോടതിയിൽ ഇന്നും ഇന്നു ഹാജരാകാത്തിരുന്ന പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പോലീസുമാണ്. ഇഡിക്കെതിരെയുള്ള കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറി എം വി ഗോവിന്ദനാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കരുവന്നൂരിൽ പണം നഷ്ടപ്പെട്ട എല്ലാവർക്കും തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് ഇവരിൽ നിന്ന് തട്ടിപ്പിനിരയായവർക്ക് പണം തിരിച്ച് കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് എംവി ഗോവിന്ദൻ മറക്കരുത്.

കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്. തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഈ തട്ടിപ്പുകൾക്ക് പിന്നിൽ കണ്ണൂർ ലോബിയുടെ സ്വാധീനമുണ്ട്. കള്ളപ്പണക്കാരും സിപിഎം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകൾക്ക് അടിസ്ഥാനം. സിപിഎം പ്രവർത്തകർ ഇത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാർട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത്. കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാർട്ടി നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിൽ ഇറങ്ങുന്ന നാളുകൾ വിദൂരമല്ല. സിപിഎം ഇപ്പോൾ അനിവാര്യമായ തകർച്ചയെ നേരിടുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പോലീസിന്റെ പരിശോധന. എന്നാല്‍, പോലീസിനെ കണ്ടതോടെ റോബിന്‍ ജോര്‍ജ് ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നും വിവരമുണ്ട്

സോളാര്‍ പീഡനകേസില്‍ ഹൈബി ഈഡന്‍ എംപിക്കും ക്ലീന്‍ ചിറ്റ്. സിബിഐ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാര്‍ പീഡന ലൈംഗിക പരാതിയില്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആരോപണങ്ങള്‍ തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എ ബി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം: ഫുഡ് പാക്കേജിംഗുമായി ബന്ധപ്പെട്ട് ഭക്ഷ്യോത്പാദന, വിതരണ, വിപണന രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടപ്പിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി ആർ വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാത്രങ്ങളുമായി പാഴ്സൽ വാങ്ങുവാൻ വരുന്നവർക്ക് അഞ്ചു മുതൽ 10 ശതമാനം വരെ കിഴിവ് നൽകാൻ തീരുമാനമായി. ഫുഡ് ഗ്രേഡ് ആയ പാക്കേജിംഗ് മെറ്റീരിയൽസിന്റെ ഉപയോഗം സംബന്ധിച്ചും മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് പാക്കേജിംഗ് മെറ്റീരിയൽസിന്റെ ഉപയോഗം കുറച്ച് ബദൽ മാർഗങ്ങളുടെ സാധ്യതകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നു.

ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം അനുസരിച്ച്, ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വിൽക്കുന്നവർ ഉപയോഗിക്കുന്നത് നിയമം നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള ഫുഡ് ഗ്രേഡ് പാക്കിംഗ് ഉത്പന്നങ്ങൾ ആയിരിക്കണമെന്നും, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പാക്കുംഗ് ഉത്പന്നങ്ങളുടെ സാമ്പിൾ ശേഖരണവും പരിശോധനകളും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരികയാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

ചടങ്ങിൽ ഫുഡ് പാക്കേജിങ് ആൻഡ് സേഫ്റ്റി റിക്വയർമെന്റസ് എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ജോയിന്റ് ഡയറക്ടർ റിനോ ജോൺ ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്കായി പരിശീലന ക്ലാസ്സ് എടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

കണ്ടല സർവീസ് സഹകരണ ബാങ്കിലേത് 57 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തൽ. ബാങ്ക് പ്രസിഡൻറും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്‍റെ സൂത്രധാരനെന്നാണ് സഹകരണ റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദ്ദേശം

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലേത് കോടികളുടെ തട്ടിപ്പും ഗുരുതര ക്രമക്കേടുമെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങള്‍ വായ്പ നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്‍റ് ഭാസുരാംഗന്‍റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ക്കായിരുന്നു. ഒരേ ഭൂമി ഈടുവച്ച് ഒന്നിലധികം വായ്പകള്‍ ഒരു സമയം നൽകി. ഓരോ വായ്പയിലും ഭൂമിക്ക് തോന്നും പടി മൂല്യം നിര്‍‍‍‍ണയം നടത്തി. വായ്പ കുടിശ്ശികയിൽ ആര്‍ബിട്രേഷൻ നടപടികള്‍ നടത്താതെയും ബാങ്കിന് നഷ്ടമുണ്ടാക്കി.

ഭരണസമിതി അംഗങ്ങളായ 21 പേരിൽ നിന്ന് ഈ പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഓരോരുത്തരിൽ നിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല. കോടികളുടെ വെട്ടിപ്പ് കണ്ടത്തിയ ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലെങ്കിലും എന്തെങ്കിലും നടപടി പൊലിസ് സ്വീകരിക്കുമോയെന്നാണ് നിക്ഷേപകരുടെ ചോദ്യം

എവിടെയോ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സഖാക്കളെയുമെല്ലാം കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം കൽത്തുറുങ്കിലടയ്ക്കാനാണ് നീക്കം. അവരെ കൽത്തുറുങ്കിൽ അടയ്ക്കുന്നതിനേക്കാൾ സിപിഎമ്മിനെതിരായ കടന്നാക്രമണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അവരുടെ നീക്കം സഹകരണ മേഖലയ്ക്ക് എതിരെയാണ്. ഈ ഘട്ടത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. സഹകരണ മേഖലയിൽ എവിടെയെങ്കിലും സംഭവിച്ച ഒറ്റപ്പെട്ട തെറ്റുകുറ്റമുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ടു പോവുകയല്ലേ വേണ്ടത്.

ഇവിടെ സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ മുഴുവൻ പ്രക്രിയയിലും ഇടപെടുന്നതാണ് സഹകരണ മേഖല. ആ സഹകരണ മേഖലയ്ക്ക് എതിരായുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ജനങ്ങൾ ശക്തിയായി പ്രതിരോധിക്കും.

ഇപ്പോഴത്തെ ബിജെപി സർക്കാർ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചു ചേർത്തുള്ള സഹകരണ മേഖലയാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇവിടുത്തെ സഹകരണ മേഖലയിൽ വലിയ കുഴപ്പങ്ങളുണ്ട് എന്ന തരത്തിലുള്ള പ്രചാരണം നടത്താനാണ് നീക്കം.
ഇവിടുത്തെ സഹകരണ മേഖലയിൽനിന്ന് പണം പിൻവലിച്ച് അവിടേക്കു കൊണ്ടുപോകാൻ പറ്റുമോയെന്നാണ് നോക്കുന്നത്. സഹകരണ ബാങ്കിന്റെ ഭാഗമായി പണം നിക്ഷേപിച്ചവർക്ക് ഒരു പൈസ പോലും നഷ്ടമാകില്ലെന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒരിക്കൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഗ്യാരന്റി സർക്കാർ നൽകുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടേക്ക് ഇ.ഡി. വരുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ഇന്ത്യയിലാകെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടേ കാണുന്നുള്ളൂവെന്നും ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരം: കൂണിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് പദ്ധതിയുമായി കൃഷി വകുപ്പ്. സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കാനാണ് പദ്ധതി. ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും 5- 8 വരെ കൂൺഗ്രാമങ്ങളാണ് ആരംഭിക്കുന്നത്.

68.1 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കിയുള്ള 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായമാണ് ഇതിൽ 30.25 കോടി രൂപ. ചെറിയ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന കൂണിന് വേണ്ടത്ര മാർക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ, കൂൺ കൃഷിയുടെ സമഗ്ര വികസനത്തിനുവേണ്ടി ഉത്പാദനം മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ കോർത്തിണക്കി സമഗ്രമായ പ്രോജക്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്തുള്ള കൂൺ ഗ്രാമത്തിൽ ചെറുതും വലുതുമായ ഉത്പാദക യൂണിറ്റുകളും പ്രോസസിംഗ്, മൂല്യവർദ്ധന മാർക്കറ്റിംഗ് വരെയുള്ള കാര്യങ്ങളും ഉൾപ്പെടുന്നതാണ്.

തിരുവനന്തപുരം: ഭിന്നതകൾ മാറ്റിവച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾ യുഡിഎഫിനൊപ്പമാണ്. ആ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട ഹൃദയവിശാലത നേതാക്കൾ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണം. സർക്കാരിനെതിരായ ആരോപണങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ യുഡിഎഫിന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അഭിപ്രായ ഭിന്നതയിലും അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേതാക്കൾക്കിടയിൽ യോജിപ്പും ഐക്യവും വേണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.

ക്ഷേത്ര അയിത്ത വിവാദത്തിൽ നിയമ നടപടികളിലേക്കു നീങ്ങില്ലെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ നന്മയുണ്ടാകണമെന്നാണു കാഴ്ചപ്പാട്. അല്ലാതെ ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റായ ചില കാര്യങ്ങൾ ‍ കാണുമ്പോൾ അതു ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയുണ്ട്.അതാണു പൊതുവേദിയിൽ ചൂണ്ടിക്കാണിച്ചത്. തിരുത്തേണ്ട ആളുകൾ തിരുത്താമെന്നു പറഞ്ഞിട്ടുണ്ട്. അതോടെ ആ വിഷയം കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരുടെ കൂട്ടായ്മ മേൽശാന്തി സമാജത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കാലടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന പരാമർശത്തിൽ ന്യായീകരണവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. വിവാദം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും, പരാമർശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ പ്രതികരിച്ചു. എന്നാൽ ക്ഷേത്രം ഭരണസമിതിയുടെ നിർദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്,പൂജ സമയത്തു മന്ത്രിയല്ല മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.പൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്നും താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി.