കോട്ടയത്തെ ‘അധോലോകം’; പിടിച്ചത് 18 കിലോ കഞ്ചാവ്, കാവലിന് 13 നായ്ക്കൾ,കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം

കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു പോലീസിന്റെ പരിശോധന. എന്നാല്‍, പോലീസിനെ കണ്ടതോടെ റോബിന്‍ ജോര്‍ജ് ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13-ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. ബി.എസ്.എഫ്. ഉദ്യോഗസ്ഥനില്‍നിന്നാണ് റോബിന്‍ ജോര്‍ജ് നായ്ക്കളെ പരിശീലിപ്പിക്കാന്‍ പഠിച്ചതെന്നും വിവരമുണ്ട്