തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പോലീസുമാണ്. ഇഡിക്കെതിരെയുള്ള കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറി എം വി ഗോവിന്ദനാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കരുവന്നൂരിൽ പണം നഷ്ടപ്പെട്ട എല്ലാവർക്കും തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് ഇവരിൽ നിന്ന് തട്ടിപ്പിനിരയായവർക്ക് പണം തിരിച്ച് കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് എംവി ഗോവിന്ദൻ മറക്കരുത്.
കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്. തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഈ തട്ടിപ്പുകൾക്ക് പിന്നിൽ കണ്ണൂർ ലോബിയുടെ സ്വാധീനമുണ്ട്. കള്ളപ്പണക്കാരും സിപിഎം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകൾക്ക് അടിസ്ഥാനം. സിപിഎം പ്രവർത്തകർ ഇത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗോവിന്ദന് പാർട്ടിയെ ഒറ്റരുതെന്ന സഹതാപത്തിന്റെ പതിനെട്ടാം അടവ് പ്രയോഗിക്കേണ്ടി വന്നത്. കള്ളപ്പണക്കാരും തട്ടിപ്പുകാരുമായ പാർട്ടി നേതാക്കൾക്കെതിരെ സിപിഎം അണികൾ തെരുവിൽ ഇറങ്ങുന്ന നാളുകൾ വിദൂരമല്ല. സിപിഎം ഇപ്പോൾ അനിവാര്യമായ തകർച്ചയെ നേരിടുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

