ക്ഷേത്ര അയിത്ത വിവാദത്തിൽ നിയമ നടപടികളിലേക്കു നീങ്ങില്ലെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ നന്മയുണ്ടാകണമെന്നാണു കാഴ്ചപ്പാട്. അല്ലാതെ ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. തെറ്റായ ചില കാര്യങ്ങൾ കാണുമ്പോൾ അതു ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയുണ്ട്.അതാണു പൊതുവേദിയിൽ ചൂണ്ടിക്കാണിച്ചത്. തിരുത്തേണ്ട ആളുകൾ തിരുത്താമെന്നു പറഞ്ഞിട്ടുണ്ട്. അതോടെ ആ വിഷയം കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരുടെ കൂട്ടായ്മ മേൽശാന്തി സമാജത്തിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കാലടിയിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ക്ഷേത്രത്തിൽ മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടുവെന്ന പരാമർശത്തിൽ ന്യായീകരണവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയത്. വിവാദം ക്ഷേത്ര സംസ്കാരത്തിന്‍റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും, പരാമർശം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ പ്രതികരിച്ചു. എന്നാൽ ക്ഷേത്രം ഭരണസമിതിയുടെ നിർദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്,പൂജ സമയത്തു മന്ത്രിയല്ല മകനായാലും അങ്ങനെയേ ചെയ്യുവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു.പൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയതെന്നും താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. വിവാദം അവസാനിച്ചുവെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഇക്കാര്യത്തില്‍ നിയമ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി.

