ഭിന്നതകൾ മാറ്റിവച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണം; പി എം എ സലാം

തിരുവനന്തപുരം: ഭിന്നതകൾ മാറ്റിവച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾ യുഡിഎഫിനൊപ്പമാണ്. ആ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട ഹൃദയവിശാലത നേതാക്കൾ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണം. സർക്കാരിനെതിരായ ആരോപണങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ യുഡിഎഫിന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അഭിപ്രായ ഭിന്നതയിലും അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേതാക്കൾക്കിടയിൽ യോജിപ്പും ഐക്യവും വേണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.