കണ്ടല സഹകരണ ബാങ്കിൽ 57 കോടിയിലധികം രൂപയുടെ തട്ടിപ്പ്

കണ്ടല സർവീസ് സഹകരണ ബാങ്കിലേത് 57 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തൽ. ബാങ്ക് പ്രസിഡൻറും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്‍റെ സൂത്രധാരനെന്നാണ് സഹകരണ റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് നിര്‍ദ്ദേശം

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലേത് കോടികളുടെ തട്ടിപ്പും ഗുരുതര ക്രമക്കേടുമെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങള്‍ വായ്പ നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്‍റ് ഭാസുരാംഗന്‍റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ക്കായിരുന്നു. ഒരേ ഭൂമി ഈടുവച്ച് ഒന്നിലധികം വായ്പകള്‍ ഒരു സമയം നൽകി. ഓരോ വായ്പയിലും ഭൂമിക്ക് തോന്നും പടി മൂല്യം നിര്‍‍‍‍ണയം നടത്തി. വായ്പ കുടിശ്ശികയിൽ ആര്‍ബിട്രേഷൻ നടപടികള്‍ നടത്താതെയും ബാങ്കിന് നഷ്ടമുണ്ടാക്കി.

ഭരണസമിതി അംഗങ്ങളായ 21 പേരിൽ നിന്ന് ഈ പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ഓരോരുത്തരിൽ നിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല. കോടികളുടെ വെട്ടിപ്പ് കണ്ടത്തിയ ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലെങ്കിലും എന്തെങ്കിലും നടപടി പൊലിസ് സ്വീകരിക്കുമോയെന്നാണ് നിക്ഷേപകരുടെ ചോദ്യം