Kerala (Page 1,886)

പുതുപ്പള്ളി: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ശക്തമായ ത്രികോണമത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും യുഡിഎഫ് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് കൊല്ലത്തെ ഭരണപരാജയവും ഇന്ന് അവര്‍ നേരിടുന്ന ആക്ഷേപങ്ങളുമാണ് വലിയ ചര്‍ച്ച സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരവും പണവും ഉപയോഗിച്ച് പ്രചരണരംഗത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. അതല്ലാതെ ജനങ്ങളിലേക്ക് കടന്നുചെന്നിട്ടില്ല. ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി എന്ത് ആത്മാര്‍ത്ഥയാണ് കാണിച്ചിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

covid

ന്യൂഡൽഹി: രാജ്യത്ത് ഇരുപത്തിനാലുമണിക്കൂറിനിടെ 93,249 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണെന്നാണ് റിപ്പോർട്ട്.മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയർന്നു. 202 പേരാണ് മരിച്ചത്.മുംബൈയിൽമാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയതായി 9090 പേർക്ക് രോഗം സ്ഥിരീകരിച്ചു.

27 മരണങ്ങളും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.ലോകത്തിൽ കൊവിഡ് ബാധ ഏറ്റവും ഉയർന്ന അമേരിക്കയിലെ പ്രതിദിന നിരക്ക് 70,569 ഉം രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലേത് 70,238ഉം ആണ്.

ഇന്ത്യയിൽ ഇരുപത്തിനാലുമണിക്കൂറിനിടെ 513പേർ മരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് 6,91,597 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്ത് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാനനങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്.കേരളത്തിൽ ഇന്നലെ 2541 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 108 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 161 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

കണ്ണൂര്‍ :ക്യാപ്റ്റന്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയതെന്നും അതുകൊണ്ടാണ് വീണ്ടുമൊരു കുറിപ്പെന്നും അദ്ദേഹം പറഞ്ഞു.

പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

ഇന്നലത്തെ എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍്ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് സ:പിണറായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.
സ്വാഭാവികമായും പിണറായിയോട് ജനങ്ങള് ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും. ഇതില്‍് ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാര്‍ട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു കണ്ടു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയില്‍ തനിക്കുള്ള നൈരാശ്യം സുധാകരന്‍ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കണ്ടതില്ല.
സിപിഐഎം സ്ഥാനാര്‍്ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുകയാണ്.പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്ക്കാര് വീണ്ടും അധികാരത്തില്‍ വരും.
വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില്‍് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല.

sabarimala

പ്രത്യേക ലേഖകൻ

ശബരിമല നട കയറാൻ കാത്തിരിക്കുന്നത് നിരവധി ആക്ടിവിസ്റ്റ് സ്ത്രീകൾ

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനനാളുകളിൽ മത്സരം പ്രവചനാതീതമായി മാറിയത് ശബരിമല ദർശനത്തിനായി കാത്തിരിക്കുന്ന സ്ത്രീകളിൽ ആശങ്ക വർദ്ധിപ്പിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്ന സർക്കാറായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ. സ്ത്രീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കാത്തതു കൊണ്ട്, തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്നവർ കണക്കുകൂട്ടുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിനുശേഷം 2018 ഒക്ടോബർ പതിനേഴാം തീയതി തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നു.അന്നുമുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് നിരവധി സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകളാണ് ശബരിമല ദർശനത്തിനായി എത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം കേരള പോലീസ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാൽ വിശ്വാസ സമൂഹത്തിന്റെ കനത്ത പ്രതിഷേധം മൂലം പലപ്പോഴും മലയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാനെ കഴിഞ്ഞില്ല. മലയാളി ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതാ ജെക്കാല എന്നിവർക്ക് ഹെൽമെറ്റും ജാക്കറ്റും നൽകി, പ്രതിഷേധങ്ങളെ പ്രതിരോധിച്ച് നടപ്പന്തൽ വരെ പോലീസ് എത്തിച്ചു. എന്നാൽ ശബരിമല നട അടയ്ക്കും എന്ന് തന്ത്രി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവരെ പോലീസിന് തിരികെ കൊണ്ടു പോകേണ്ടി വന്നു. പിന്നീടു വന്ന മണ്ഡലകാലത്തും പല സ്ത്രീകളും ശബരിമല നടയിൽ പ്രവേശിക്കാൻ ശ്രമം നടത്തി. എന്നാൽ കനത്ത പ്രതിഷേധങ്ങളെ തുടർന്ന് അതൊന്നും നടന്നില്ല. 2019 ജനുവരി 2 ന് പുലർച്ചെ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ്ഗ എന്നിവർ ശബരിമലയിൽ ദർശനം നടത്തി. മഫ്തി പോലീസിന്റെ സഹായത്തോടെ നടന്ന രഹസ്യ നീക്കമായിരുന്നു അത്. പിന്നീട് പോലീസ് സഹായത്തോടെ 50 ഓളം സ്ത്രീകൾ എന്നും വീണ്ടും തിരുത്തി, 17 ഓളം സ്ത്രീകളെ ദർശനത്തിന് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ പ്രസ്താവന പുറത്തുവന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള ഇടതുപക്ഷ സർക്കാരിനെ പ്രതിജ്ഞാബദ്ധത മാത്രമല്ല സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയുള്ള വിപ്ലവകരമായ ഒരു കാൽവെപ്പ് ആയിരുന്നു അതെന്ന് ഇടതുപക്ഷ ചിന്തകർ വിലയിരുത്തുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. സ്ത്രീ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമില്ല.പ്രളയങ്ങളും കോവിഡും മൂലമുള്ള നിയന്ത്രണങ്ങളിൽ ശബരിമല സ്ത്രീപ്രവേശനം. വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ശബരിമലയിൽ വന്നുകൊണ്ടിരുന്ന കോടികളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ശബരിമലയിൽ നിന്നുള്ള വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനമില്ലാത്ത മറ്റു ക്ഷേത്രങ്ങൾക്ക് നൽകിയിരുന്നത്. ദേവസ്വംബോർഡും ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരുംനാളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന തോടുകൂടി ശബരിമല ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ എത്തിയേക്കും. സ്ത്രീ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി അവർ മുന്നോട്ടു പോകുകയാണ്.അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറായേക്കും. ശബരിമല നടയിലേക്ക് വീണ്ടും വരാൻ തൃപ്തിദേശായി, മനീതി സംഘം, മറ്റു ഗ്രൂപ്പുകൾ തുടങ്ങിയവർക്ക് ലക്ഷ്യമുണ്ട്. കേരളത്തിലെ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളുമായി ചേർന്ന് കോടതി വിധിയുടെ പിൻബലത്തിൽ പോകാനാവും അവർ ശ്രമിക്കുക. രഹന ഫാത്തിമ, ബിന്ദു തങ്കം കല്യാണി, മേരി സ്വീറ്റി തുടങ്ങിയ വിവിധ തലങ്ങളിൽ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീകളെ ഒപ്പം കൂട്ടിയുള്ള ശ്രമമാകും ഉണ്ടാവുക. ക്ഷേത്ര പ്രവേശനത്തിൽ ആദ്യമുണ്ടാകുന്ന എതിർപ്പുകൾ മാത്രമേ ഉണ്ടാകൂ എന്നും പിന്നീട് സ്വാഭാവികമായും അത് കുറയുമെന്നും അവർ കണക്കുകൂട്ടുന്നു. അതുകൊണ്ട് ഇടതുഭരണം നിലനിൽക്കേണ്ടത് വളരെ ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരം കനത്തതോടെ തങ്ങളുടെ ലക്ഷ്യങ്ങൾ നടക്കാതെ വരുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക.

ഈസ്റ്റര്‍ – വിഷു റിലീസുകള്‍ ആരംഭിച്ചതോടെ തീയേറ്ററുകളില്‍ ആഘോഷമാകും. മമ്മൂട്ടി ചിത്രങ്ങളായ ദ പ്രീസ്റ്റ്, വണ്‍ എന്നിവയുള്‍പ്പെടെ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ചിത്രങ്ങള്‍ എത്തുന്നത്.
ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങ ‘ആര്‍ക്കറിയാം’ തിയേറ്ററിലെത്തി. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ഒ.പി.എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്.സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി.’ ‘എട്ടുകാലി,’ ‘ഞാന്‍ സിനിമാമോഹി’ എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘അനുഗ്രഹീതന്‍ ആന്റണി.’ ‘കരിങ്കുന്നം സിക്‌സസ്’ എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അലമാര’ എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് പ്രിന്‍സ് സ്വതന്ത്ര സംവിധായകനാവുന്നത്.നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ 4 ന് ഈസ്റ്റര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. പ്രശസ്ത വീഡിയോ എഡിറ്റര്‍ അപ്പു.എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട് ‘ 8ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് ,നിമിഷ സജയന്‍, അനില്‍ നെടുമങ്ങാട്, ജാഫര്‍ ഇടുക്കി തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. ചാര്‍ലി എന്ന ചത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്.എ.ജി.എസ് മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ 9ന് തിയേറ്ററിലെത്തും.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സ്റ്റാര്‍’.

cm

കണ്ണൂര്‍: കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണത്തിന് കണക്കുകള്‍ വിശദീകരിച്ച് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് 2015-16-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവെക്കുയുണ്ടായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്ത ശേഷവും 2016-17 ല്‍ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. യുഡിഎഫ് 2008-2006-ല്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനമായിരുന്നു.

‘സ്റ്റേറ്റ് ഫൈനാന്‍സസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. പഞ്ചാബില്‍ 40.3 ശതമാനമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 34 ശതമാനമാണ്. പശ്ചിമബംഗാളില്‍ 37.1 ഉം ബിഹാറില്‍ 31.9 ശതമാനവുമാണ്.

ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകും’, മുഖ്യമന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനും പിന്നിലാണ് കേരളത്തിന്റെ കടമെന്ന് റിസര്‍വ് ബാങ്ക് പ്രസീദ്ധകരണത്തിലുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറിയിരിക്കുകയാണ്. അവര്‍ക്ക് ഈ കണക്കുകള്‍ മറുപടി നല്‍കുമെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണത്തില്‍ നിയമപോരാട്ടം നടത്താന്‍ പിണറായി സര്‍്ക്കാര്‍ ചിലവാക്കിയത് 90 ലക്ഷം രൂപ. നിര്‍വാഹകസമിതിയംഗം ബാബുജി ഈശോ പുറത്ത് വിട്ട വിവരാവകാശരേഖയിലാണ് ഇക്കാര്യമുള്ളത്. കേസന്വേഷണം സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്നതിന് വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രം 88 ലക്ഷം രൂപ നല്‍കി. മനീന്ദര്‍ സിംഗ് എന്ന അഭിഭാഷകന് 60 ലക്ഷം നല്‍കി. നാലു ദിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചിലവാക്കി.
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്.

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാര്‍. തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ഹാര്‍ബര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച വിവരവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ചിട്ടുണ്ട്. നിവേദനം സ്വീകരിച്ച് തോളില്‍തള്ളി നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്നായിരുന്നു പ്രധാനമന്ത്രി കൃഷ്ണകുമാറിനോട് പറഞ്ഞത്.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം :

ഒരോ നിമിഷവും ജീവിതത്തിൽ വലുതാണ്.. എല്ലാ ദിവസവും വളരെ നല്ലതുമാണ്.. എന്നാൽ ചില ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ടാവും.. നമുക്ക് മറക്കാനാവാത്തതും, എന്നും ഓർക്കാൻ ഇഷ്ടപെടുന്നതും ആകും. അതായിരുന്നു ഇന്നലെ. ഏപ്രിൽ 2, വെള്ളിയാഴ്ച. എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമോ, വലിയതുറയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ പതിറ്റാണ്ടുകളായ പ്രാർത്ഥനയുടെ ഫലമോ…? അറിയില്ല. പ്രധാനമന്ത്രി മോഡിയെ കാണണമെന്നും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്നും വലിയ ആഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു. അങ്ങനെ ഇരിക്കെ ബിജെപി സ്ഥനാർത്തിയായി. ഇതിനിടെ വലിയതുറ തുറമുഖ സംരക്ഷണ വികസന സമിതിക്കാർ ചർച്ചക്ക് വിളിച്ചു. അവരുടെ ചിരകാല ആവശ്യമായ ഹാർബർ നിർമ്മിക്കുന്നതിന്റെ ആവശ്യക്കാതെ കുറിച്ച് എന്നെ ധരിപ്പിക്കാനും, പ്രധാനമന്ത്രി വരുമ്പോൾ ഒരു നിവേദനം കൊടുക്കാനുമായി. എന്റെ മനസ്സിൽ ഇത് നടത്തണമെന്നും പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി സംസാരിക്കാൻ അവസരം ലഭിച്ചു, കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിനിടെ ഈ സംഘടനയുടെ അംഗങ്ങളും വലിയതുറ നിവാസികളുമായ ശ്രി സേവിയർ ഡിക്രൂസ്, ശ്രി വീനസ്, ശ്രീ ബ്രൂണോ, ശ്രീ പ്രേംകുമാർ എന്നിവരുമായി നല്ല സൗഹൃദവുമായി. ഇന്നലെ പ്രധാനമന്ത്രി വന്നു. നിവേദനവുമായി സ്റ്റേജിൽ കാത്തിരുന്നു. പെട്ടെന്ന് നിവേദനം കൊടുക്കുവാനുള്ള അന്നൗൻസ്മെന്റ് വന്നു. നടന്നു പ്രധാനമന്ത്രിയുടെ അടുത്തേക്ക് ചെന്നു. നിവേദനം വാങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ചിരിച്ചുകൊണ്ട് തോളിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു, “ഞാൻ എന്ത് ചെയ്തു സഹായിക്കണം?” മറുപടിയായി ഞാൻ പറഞ്ഞു “ഇതൊന്നു നടത്തി തരണം “… നന്ദി പറഞ്ഞു ഇരിപ്പിടത്തിലേക്ക് ഞാൻ പോയി. തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മടങ്ങാൻ നേരം അത്ഭുതമെന്നോണം വീണ്ടും സ്നേഹത്തോടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു.. “യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്..” സ്വപനതുല്യമായ ഒരു നിമിഷം, നന്ദി.. ഇന്നെന്റെ മനസ്സിൽ ഒരു കാര്യം മാത്രം. തീരദേശ സഹോദരങ്ങളുടെ ചിരകാല സ്വപ്നമായ ഹാർബർ നടന്നു കാണണം. അതിന്റെ ഉദ്‌ഘാടനത്തിനും പ്രധാനമന്തി ശ്രി നരേന്ദ്രമോഡി ഉണ്ടാവണം.. സ്റ്റേജിൽ എനിക്കും ഇടമുണ്ടാവണം. സ്വപ്നങ്ങൾക്ക് ചിറകുവെച്ചു തുടങ്ങി. ആത്മാർത്ഥമായി മനസ്സിൽ ആഗ്രഹിച്ചാൽ പ്രകൃതി നിങ്ങൾക്കായി എല്ലാം ഒരുക്കിത്തരും, എത്ര വലിയ കാര്യവും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ഓർത്തു പോയി… ദൈവത്തിനു നന്ദി.. എന്റെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾക്കും കുടുംബത്തിനും മുൻ‌കൂർ ഈസ്റ്റെർ ആശംസകൾ നേരുന്നു..

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടർ പട്ടികയിലെ പൗരൻമാരുടെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി പരാതി നൽകി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ദേശസുരക്ഷയെ ബാധിക്കുമെന്നും ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വോട്ടർ പട്ടിക വോട്ടർമാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരൻ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. തിരഞ്ഞെടുപ്പ്പ്രക്രിയയ്ക്കിടെ ഇരട്ട വോട്ടു സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നു. ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിന് കെ..പി..സി..സി വെബ്‌സൈറ്റ് നിർമിച്ചു. തിരഞ്ഞെടുപ്പ്കമ്മീഷൻ 38,000 ഇരവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ 4,34,000 ആണ് ആകെ ഇരവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റിൽ അവകാശപ്പെടുന്നു.

ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പർ കമ്പനിയാണ് ഈ വൈബ്‌സൈറ്റ്തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തിൽ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തലാണെന്നും ജോർജ്കുര്യൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രഹ്‌ളാദ് ജോഷി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചി :മോദി ഹിന്ദുവാണെന്നും അദ്ദേഹം ഒരു വിശ്വാസിയാണെന്നും പ്രധാനമന്ത്രിയുടെ ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് ചൊറിഞ്ഞ് അഡ്ജസ്റ്റ് ചെയ്യണമെന്നും ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. “സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓർക്കുമെന്നും, എല്ലാം മറന്ന് ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി. (പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത്.

ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത്. കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ? അനാവശ്യ വിമർശനങ്ങളും, പരാതികളും എല്ലാവരും ഒഴിവാക്കുക. ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാർട്ടി ആയാലും ജയിച്ചോളും. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുക. ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന്.

“സ്വാമിയേ ശരണം അയ്യപ്പ ” എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക. എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ. ചിലപ്പോൾ ഒരു ആശ്വാസം കിട്ടുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാ മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ?

എങ്കിൽ “സ്വാമിയെ ശരണം അയ്യപ്പ ” എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിന്റെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി. അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്. മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും. വിവാദം ഉണ്ടാക്കുന്നവരും, പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് എന്നും അദ്ദേഹം പറയുന്നു.