Kerala (Page 1,887)

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതന്‍ വഴി സര്‍ക്കാരിന് കൈമാറി. ലോകായുക്ത നിയമപ്രകാരം റിപ്പോര്‍ട്ടിന്‍മേല്‍ മൂന്നുമാസത്തിനകം നടപടിയുണ്ടാകണമെന്നാണ് ചട്ടം.2016ല്‍ മന്ത്രിയായി ജലീല്‍ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നാണ് ഉത്തരവിലൂടെ വ്യക്തമാകുന്നത്. 2018 ഒക്ടോബറില്‍ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞാണ് ഉത്തരവ്.

ഇതില്‍ സത്യപ്രതിജ്ഞ ലംഘനം അടക്കമുള്ള എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും ലോകായുക്ത പറയുന്നു. നിയമന അധികാരിയായ ന്യൂനപക്ഷ ധനകാര്യ വികസന കേര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് അദീബിന്റെ അപേക്ഷ പോലും രണ്ടാമത് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ട് നിയമന ഉത്തരവിറക്കുകയായിരുന്നു. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം ജലീല്‍ തള്ളിയെന്നും ഉത്തരവില്‍ കണ്ടെത്തി.

ജലീലിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് കണ്ടെത്തല്‍. തനിക്കെതിരായ പരാതികള്‍ ഹൈക്കോടതി പരിശോധിച്ച് നിരാകരിച്ചതാണെന്ന് കെടി ജലീലിന്റെ വാദം തള്ളുന്ന കാര്യങ്ങളും ഉത്തരവിലുണ്ട്. അതേസമയം ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിൽ ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ കെ ടി ജലീൽ‌ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ കെ ബാലൻ്റെ പരാമർശം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു ജലീലിന്റെ രാജിയെക്കുറിച്ചുള്ള എ കെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല.

വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. പാർട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു.

മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ എം മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയമിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീല്‍ നിയോഗിച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണ്. ലോകായുക്തയുടെ വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

fahad faazil

കൊച്ചി : ഫഹദ് ഫാസിലിനെതിരെ വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്ക്. ഒ.ടി.ടി. സംഘടന പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങളില്‍ ഇനിയും അഭിനയിച്ചാല്‍ ഫഹദിനെതിരെ വിലക്കേര്‍ക്കെപ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് ഇപ്പോള്‍ സംഘടന അറിയിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീയൂ സൂണ്‍, നസീഫ് യൂസഫിന്റെ ഇരുള്‍, ദിലീഷ് പോത്തന്റെ ജോജി എന്നിവയാണ് ഒ.ടി.ടി.യായി റിലീസ് ചെയ്ത ഫഹദ് ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് സിനിമകള്‍ തിയേറ്റര്‍ കാണുകയില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു ഫിയോക്കിന്റേത്. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സംഘടന തന്നെ പറഞ്ഞിരിക്കുകയാണിപ്പോള്‍.

zoo

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കനത്ത ചൂടിനെ അതിജീവിക്കാൻ പക്ഷി മൃഗാദികളെ സഹായിക്കുന്ന സജ്ജീകരണങ്ങളാണ് നടപ്പാക്കുന്നത്.ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി.

ചൂടുകാലാവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതല്‍ നല്‍കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.കുരങ്ങന്‍, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകള്‍, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെള്ളം നിറച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ചെറിയ പാമ്പുകൾക്ക് ചട്ടിയിൽ വെള്ളം നിറച്ചു നൽകുന്നുമുണ്ട്.

ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കി.രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കു എയർ കണ്ടീഷൻ സൌകര്യം ഏർപ്പെടുത്തി. കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും ക്രമീകരിക്കും. ചൂടിന്‍റെ കാഠിന്യം കുറയ്ക്കാൻ തണുത്ത സാഹചര്യങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കും.

പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതല്‍ വേണ്ടതിനാല്‍ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തില്‍ തണ്ണിമത്തന്‍, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.

election

കൊച്ചി: സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഉത്തരവ്. സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.നേരത്തെ ഏപ്രില് 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

പത്തനംതിട്ട: ജലീലിന്റെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കാന്‍ അദ്ദേഹം തയ്യാറായില്ല.ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കൊച്ചി : ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്‌ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടി റിലീസിനെത്തിയത്.

മഹേഷ് നാരായണ്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ്‌ ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി.

പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്‌ത സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായാണ്‌ ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന്‌ ഫിയോക്‌ വിശദീകരിക്കുന്നു. രണ്ട് ചിത്രങ്ങളും ലോക്‌ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്‌തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ പറഞ്ഞു.

മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു

ബംഗളൂരു: അബ്ദുള്‍നാസര്‍ മഅദ്‌നിക്കെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും അങ്ങനെചെയ്താല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. മഅദ്‌നിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇത്തരക്കാരുടമായി മഅദ്‌നി ബന്ധപ്പെടുമെന്നുമുള്ള ആരോപണമാണ് കര്‍ണാടകം പ്രധാനമായും ഉന്നയിക്കുന്നത്.ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദ്‌നി സുപ്രീം കോടതിയെ സമീപിച്ചത്.

കോഴിക്കോട്: ഇത്തവണ എൻഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരള രാഷ്ട്രീയത്തിൽ വളരെ നിർണായക സ്ഥാനത്തേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികൾക്കെതിരെയും ശക്തമായ ബദൽ ഉയർന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറായിട്ടുണ്ട്.

ബിജെപി ഇരട്ട അക്കത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. കൂടാതെ ഇടത് വലത് മുന്നണികൾക്ക് പ്രതീക്ഷിച്ചതുപോലുള്ള മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.തൂക്കുമന്ത്രിസഭ ഉണ്ടാകാനാണ് സാധ്യത. തൂക്കുസഭ വന്നാൽ ആരെയും പിന്തുണയ്ക്കില്ല. തൂക്ക് സഭ വന്നാൽ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് കെ.ടി ജലീലിന് കിട്ടുന്നത്. ഇത് സിപിഎമ്മിനകത്ത് രാഷ്ട്രീയ പ്രശ്നമായി ഉയർന്നു കഴിഞ്ഞു. ജലീലാണ് യുഎഇ. കോൺസുലേറ്റുമായുള്ള സർക്കാരിന്റെ പാലം. ജലീൽ നന്നായി അറബി സംസാരിക്കും.

യുഎഇ കോൺസുലേറ്റിൽ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കഴിഞ്ഞ നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നത്. എല്ലാത്തിന്റെയും പാലമാണ് ജലീൽ. അതിനാലാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നടത്തുന്നത്. ഇ.പി ജയരാജനോട് കാണിച്ച സമീപനം കെ.ടി ജലീലിനോട് കാണിക്കാൻ കഴിയാതെ വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതു സ്വജനപക്ഷപാതമാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ഹര്‍ജി. അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

കെ ടി ജലീലിനു മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക.രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.