ശബരിമല : ആക്ടിവിസ്റ്റുകൾ ആശങ്കയിൽ

sabarimala

പ്രത്യേക ലേഖകൻ

ശബരിമല നട കയറാൻ കാത്തിരിക്കുന്നത് നിരവധി ആക്ടിവിസ്റ്റ് സ്ത്രീകൾ

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനനാളുകളിൽ മത്സരം പ്രവചനാതീതമായി മാറിയത് ശബരിമല ദർശനത്തിനായി കാത്തിരിക്കുന്ന സ്ത്രീകളിൽ ആശങ്ക വർദ്ധിപ്പിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്ന സർക്കാറായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ. സ്ത്രീപ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കാത്തതു കൊണ്ട്, തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്നവർ കണക്കുകൂട്ടുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിനുശേഷം 2018 ഒക്ടോബർ പതിനേഴാം തീയതി തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നു.അന്നുമുതലാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് നിരവധി സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകളാണ് ശബരിമല ദർശനത്തിനായി എത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം കേരള പോലീസ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. എന്നാൽ വിശ്വാസ സമൂഹത്തിന്റെ കനത്ത പ്രതിഷേധം മൂലം പലപ്പോഴും മലയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാനെ കഴിഞ്ഞില്ല. മലയാളി ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്കാനയിൽ നിന്നുള്ള മാധ്യമപ്രവർത്തക കവിതാ ജെക്കാല എന്നിവർക്ക് ഹെൽമെറ്റും ജാക്കറ്റും നൽകി, പ്രതിഷേധങ്ങളെ പ്രതിരോധിച്ച് നടപ്പന്തൽ വരെ പോലീസ് എത്തിച്ചു. എന്നാൽ ശബരിമല നട അടയ്ക്കും എന്ന് തന്ത്രി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവരെ പോലീസിന് തിരികെ കൊണ്ടു പോകേണ്ടി വന്നു. പിന്നീടു വന്ന മണ്ഡലകാലത്തും പല സ്ത്രീകളും ശബരിമല നടയിൽ പ്രവേശിക്കാൻ ശ്രമം നടത്തി. എന്നാൽ കനത്ത പ്രതിഷേധങ്ങളെ തുടർന്ന് അതൊന്നും നടന്നില്ല. 2019 ജനുവരി 2 ന് പുലർച്ചെ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ്ഗ എന്നിവർ ശബരിമലയിൽ ദർശനം നടത്തി. മഫ്തി പോലീസിന്റെ സഹായത്തോടെ നടന്ന രഹസ്യ നീക്കമായിരുന്നു അത്. പിന്നീട് പോലീസ് സഹായത്തോടെ 50 ഓളം സ്ത്രീകൾ എന്നും വീണ്ടും തിരുത്തി, 17 ഓളം സ്ത്രീകളെ ദർശനത്തിന് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ പ്രസ്താവന പുറത്തുവന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള ഇടതുപക്ഷ സർക്കാരിനെ പ്രതിജ്ഞാബദ്ധത മാത്രമല്ല സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയുള്ള വിപ്ലവകരമായ ഒരു കാൽവെപ്പ് ആയിരുന്നു അതെന്ന് ഇടതുപക്ഷ ചിന്തകർ വിലയിരുത്തുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസുകൾ സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ്. സ്ത്രീ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമില്ല.പ്രളയങ്ങളും കോവിഡും മൂലമുള്ള നിയന്ത്രണങ്ങളിൽ ശബരിമല സ്ത്രീപ്രവേശനം. വിവാദങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ശബരിമലയിൽ വന്നുകൊണ്ടിരുന്ന കോടികളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ശബരിമലയിൽ നിന്നുള്ള വരുമാനമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനമില്ലാത്ത മറ്റു ക്ഷേത്രങ്ങൾക്ക് നൽകിയിരുന്നത്. ദേവസ്വംബോർഡും ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരുംനാളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന തോടുകൂടി ശബരിമല ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ത്രീകൾ എത്തിയേക്കും. സ്ത്രീ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി അവർ മുന്നോട്ടു പോകുകയാണ്.അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറായേക്കും. ശബരിമല നടയിലേക്ക് വീണ്ടും വരാൻ തൃപ്തിദേശായി, മനീതി സംഘം, മറ്റു ഗ്രൂപ്പുകൾ തുടങ്ങിയവർക്ക് ലക്ഷ്യമുണ്ട്. കേരളത്തിലെ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളുമായി ചേർന്ന് കോടതി വിധിയുടെ പിൻബലത്തിൽ പോകാനാവും അവർ ശ്രമിക്കുക. രഹന ഫാത്തിമ, ബിന്ദു തങ്കം കല്യാണി, മേരി സ്വീറ്റി തുടങ്ങിയ വിവിധ തലങ്ങളിൽ ശബരിമലയുമായി ബന്ധപ്പെട്ട സ്ത്രീകളെ ഒപ്പം കൂട്ടിയുള്ള ശ്രമമാകും ഉണ്ടാവുക. ക്ഷേത്ര പ്രവേശനത്തിൽ ആദ്യമുണ്ടാകുന്ന എതിർപ്പുകൾ മാത്രമേ ഉണ്ടാകൂ എന്നും പിന്നീട് സ്വാഭാവികമായും അത് കുറയുമെന്നും അവർ കണക്കുകൂട്ടുന്നു. അതുകൊണ്ട് ഇടതുഭരണം നിലനിൽക്കേണ്ടത് വളരെ ആവശ്യമാണെന്ന് അവർ വിശ്വസിക്കുന്നു.എന്നാൽ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരം കനത്തതോടെ തങ്ങളുടെ ലക്ഷ്യങ്ങൾ നടക്കാതെ വരുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക.