വോട്ടർപട്ടിക യുഎസ്‌ കമ്പനിക്ക്‌;രമേശ് ചെന്നിത്തലയ്ക്കെതിരെ പരാതിയുമായി ബി ജെ പി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടർ പട്ടികയിലെ പൗരൻമാരുടെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി പരാതി നൽകി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ദേശസുരക്ഷയെ ബാധിക്കുമെന്നും ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

വോട്ടർ പട്ടിക വോട്ടർമാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരൻ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. തിരഞ്ഞെടുപ്പ്പ്രക്രിയയ്ക്കിടെ ഇരട്ട വോട്ടു സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നു. ഇരട്ട വോട്ടുകൾ കണ്ടെത്തുന്നതിന് കെ..പി..സി..സി വെബ്‌സൈറ്റ് നിർമിച്ചു. തിരഞ്ഞെടുപ്പ്കമ്മീഷൻ 38,000 ഇരവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ 4,34,000 ആണ് ആകെ ഇരവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റിൽ അവകാശപ്പെടുന്നു.

ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പർ കമ്പനിയാണ് ഈ വൈബ്‌സൈറ്റ്തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തിൽ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. ഇത് ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തലാണെന്നും ജോർജ്കുര്യൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രഹ്‌ളാദ് ജോഷി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.