കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണം;വിശദീകരണവുമായി മുഖ്യമന്ത്രി

cm

കണ്ണൂര്‍: കേരളം കടക്കെണിയിലാണെന്ന് പ്രതിപക്ഷ ആരോപണത്തിന് കണക്കുകള്‍ വിശദീകരിച്ച് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് 2015-16-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവെക്കുയുണ്ടായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്ത ശേഷവും 2016-17 ല്‍ കടം ആഭ്യന്തര വരുമാനത്തിന്റെ 30.2 ശതമാനമായി മാത്രമേ വര്‍ധിച്ചിട്ടുള്ളൂ. യുഡിഎഫ് 2008-2006-ല്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനമായിരുന്നു.

‘സ്റ്റേറ്റ് ഫൈനാന്‍സസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. പഞ്ചാബില്‍ 40.3 ശതമാനമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 34 ശതമാനമാണ്. പശ്ചിമബംഗാളില്‍ 37.1 ഉം ബിഹാറില്‍ 31.9 ശതമാനവുമാണ്.

ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യമാകും’, മുഖ്യമന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനും പിന്നിലാണ് കേരളത്തിന്റെ കടമെന്ന് റിസര്‍വ് ബാങ്ക് പ്രസീദ്ധകരണത്തിലുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറിയിരിക്കുകയാണ്. അവര്‍ക്ക് ഈ കണക്കുകള്‍ മറുപടി നല്‍കുമെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.