Kerala (Page 1,877)

തിരുവനന്തപുരം: രണ്ടാം തരംഗമായി സംസ്ഥാനത്ത് കോവിഡ് വീണ്ടും വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.

ആരോഗ്യമേഖലയിലെയും മറ്റു രംഗങ്ങളിലെയും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കി. ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവയ്ക്കുന്നത്. രോഗപ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്നും രോഗത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

ചികിത്സ

  1. അഡ്മിഷന്‍ പ്രോട്ടക്കോള്‍
    കോവിഡ് രോഗികള്‍ വല്ലാതെ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടക്കോള്‍ ഉണ്ടാക്കണം. ഇപ്പോള്‍ സാമ്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകള്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ മുന്‍കരുതലെന്ന നിലയ്ക്ക് ആശുപത്രികളില്‍ അഡ്മിറ്റായി കിടക്കകള്‍ കയ്യടക്കുകയാണ്. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാന്‍ കഴിയാതെ വരുന്നു. അതിനാല്‍ റഫറല്‍ സംവിധാനത്തിലൂടെ അഡ്മിഷന്‍ നല്‍കണം. പ്രാഥമിക ചികിത്സയ്ക്കും റഫറല്‍ സംവിധാനത്തിനുമുള്ള ശൃംഘല സംസ്ഥാനത്തുടനീളം തയ്യാറാക്കണം.
  2. ഐ.സി.യുവുകള്‍, വെന്റിലേറ്ററുകള്‍

ഐ.സി.യുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ ഐ.സി.യുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു ‘കോമണ്‍ പൂള്‍’ ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം.

  1. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം

പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ട്. അതിനാല്‍ സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ചികിത്സയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂര്‍ത്തിയാക്കാം. കരാറടിസ്ഥാനത്തില്‍ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം.

  1. കിടക്കകള്‍ ഉറപ്പാക്കണം
    ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റര്‍ ക്ലിനിക്കുകള്‍, ഒ.പി.ഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് സജ്ജമാക്കണം.
  2. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം.

ജീവന്‍ രക്ഷാ മരുന്നുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. Ramdesivir, Tocilizumab തുടങ്ങിയ ജീവന്‍ രക്ഷാ ഔഷധങ്ങളും, സ്റ്റിറോയിഡുകളും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ഈ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

  1. ചികിത്സയുടെ ചിലവ് നിയന്ത്രിക്കല്‍

ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ആര്‍ക്കും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെടതുത്. ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം.
പ്രതിരോധം

  1. വാക്സിനേഷന്‍
    വാക്സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരണം. വാക്സീന്‍ ഓപ്പണ്‍മാര്‍ക്കറ്റിലും ലഭ്യമാക്കണം എന്ന നിലപാട് നമ്മുടെ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്
  2. സംസ്ഥാനതല ലോക്ഡൗണ്‍ വേണ്ട
    ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാനതല ലോക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ കര്‍സന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൈക്രോ കണ്‍ടെയ്മെന്റ് സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്. ഉദാഹരണമായി കടകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കല്‍ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണം.
  3. എസ്.എം.എസ്.കര്‍ശനമാക്കുക.
    സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം.
  4. ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സമൂഹത്തിലെ രോഗ്യവ്യാപനം കണ്ടെത്തി തടയണം. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ക്വാറന്റെയിന്‍ നടപടികള്‍ കര്‍ശനമാക്കുകയും വേണം.
    ഗവേഷണം
  5. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചും വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. വൈറസ് ബാധ കൊണ്ട് സംസ്ഥാനത്തെ പ്രതിദിന മരണനിരക്കില്‍ എത്ര വ്യത്യാസമുണ്ടാകുന്നുവെന്ന് പഠിക്കേണ്ടതുണ്ട്.
    ക്രൈസിസ് മാനേജ്മെന്റ്
  6. തദ്ദേശസ്ഥാപനങ്ങളെ ശക്തരാക്കുക.
    ഇപ്പോഴത്തെ പ്രതിസന്ധിതരണം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജരാക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ക്ക് ആവശ്യമായ ഫണ്ട് ഉടന്‍ ലഭ്യമാക്കണം.
  7. വ്യാപകമായ ബോധവത്ക്കരണം
    രോഗ്യപ്രതിരോധവും ചികിത്സയും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. വ്യാജപ്രചരണങ്ങള്‍ തടയണം.
  8. ഏകോപനം
    ആരോഗ്യം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, റവന്യൂ എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
    ഈ നിര്‍ദ്ദേശങ്ങള്‍ രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പോരാട്ടത്തിനായി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു

തൃശൂര്‍: പൂരത്തിനുള്ള നിബന്ധനകള്‍ കടുപ്പിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാറമേക്കാവ് ദേവസ്വം. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകള്‍ കൊണ്ടു വരരുതെന്നുംപാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു.പൂരം കാണാന്‍ എത്തുന്നവര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും എടുക്കണമെന്ന് നിര്‍ബന്ധമാക്കി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.പാപ്പാന്‍മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന വനംവകുപ്പ് നിര്‍ദ്ദേശത്തെയും ദേവസ്വങ്ങള്‍ എതിര്‍ക്കുന്നുണ്ട്.വനംവകുപ്പിന്റെ നിര്‍ദ്ദേശം പ്രയോഗികമല്ലെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. അതിനാല്‍ നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍: പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടു ഡോസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.കടുത്ത നിബന്ധനയെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നാണ് മുന്നറിയിപ്പ്. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തൃശൂര്‍ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്.

തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടും മുമ്പേ മറിയം റഷീദ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനായ രാജേഷ് പിള്ളയാണ് നിര്‍ണായക വെളിപ്പെടുത്തൽ. മറിയം റഷീദയെ ചാരക്കേസില്‍ പിടികൂടുന്നതിന് രണ്ടാഴ്ച മുമ്പേ ഡല്‍ഹിയിലെ റോ ഓഫീസില്‍നിന്ന് തിരുവനന്തപുരത്തെ ഓഫീസില്‍ വിവരം ലഭിച്ചിരുന്നു. മാലിയില്‍നിന്നുള്ള മറിയം റഷീദ തിരുവനന്തപുരത്ത് എത്താന്‍ സാധ്യതയുണ്ടെന്നും ഇവരെ പിടിച്ചുവെയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. പി.വി. നരസിംഹറാവു ഇടപെട്ടതോടെ ചാരക്കേസിലെ അന്വേഷണത്തില്‍നിന്ന് റോ പിന്മാറി. കെ. കരുണാകരന് ചാരക്കേസുമായി ബന്ധമില്ലെന്ന് റോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാരക്കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണം മുന്‍വിധിയില്ലാതെ തുടക്കംമുതലുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കില്‍ കേസില്‍ സത്യം പുറത്തുവരുമെന്നും രാജേഷ് പിള്ള പറഞ്ഞു. അതെസമയം ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ മാലി സ്ത്രീകള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് ക്രയോജനിക്ക് സാങ്കേതിക വിദ്യയല്ലെന്നും പാകിസ്താന് വേണ്ടിയായിരുന്നില്ല ചാരപ്രവര്‍ത്തനമെന്നും രാജേഷ് പിള്ള പറഞ്ഞു.

കോട്ടയം: കോട്ടയം ജില്ലയിലടക്കം പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ നിസഹകരിച്ചെന്ന ആരോപണവുമായി ജോസ് വിഭാഗം. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.ഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യമായിരുന്നെന്ന് സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി. സീറ്റ് വിഭജനം മുതല്‍ ഉടലെടുത്ത കേരള കോണ്‍ഗ്രസ് എം – സിപിഐ ഭിന്നതയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ സിപിഐ നേതാക്കള്‍ തള്ളിക്കളഞ്ഞു.

ganesh kumar

കൊല്ലം: കോവിഡ് രോഗം വരരുത് വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു’. കോവിഡ് രോഗകാലത്തെ അനുഭവം തുറന്നു പറഞ്ഞ് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ​ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ താങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പു അദ്ദേഹം നല്‍കുന്നു.

ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്താമാക്കി. സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.വളരെ അധികം ശ്രദ്ധിക്കണമെന്നും രോഗം പിടിപെടാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്

covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കൊവിഡ് കൂട്ടപ്പരിശോധന വൻവിജയം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. ആർ.ടി.പി.സി.ആർ– 1,54,775. ആന്റിജൻ–144397. ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോടാണ് (39,565). തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാജില്ലകളിലും ലക്ഷ്യം മറികടന്നു.കോവിഡ് കൂട്ടപ്പരിശോധനയിൽ ജനങ്ങളുടെ പൂർണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

കേരളത്തിൽ ഇന്ന് 13,835 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പരിശോധനയ്‌ക്കൊപ്പം ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഏതാനും ഫലങ്ങളും ഉൾപ്പെടുന്നതാണ് ഇന്നത്തെ കൊവിഡ് കണക്ക്. 81211 പേരെ പരിശോധിച്ചപ്പോൾ 13,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04ലേക്ക് കുതിച്ചു.

എറണാകുളത്ത് 2187 പേരിലാണ് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തിയത്. കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132 എന്നിങ്ങിനെ അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗബാധയുണ്ട്. തിരുവനന്തപുരത്ത് 909വും ആലപ്പുഴയിൽ 908വും പാലക്കാട് 864മായി പ്രതിദിന രോഗവ്യാപനം വർധിക്കുകയാണ്. കൂട്ടപ്പരിശോധനയുടെ അവശേഷിക്കുന്ന കണക്കുകൾ നാളെയും മറ്റന്നാളുമായി പുറത്ത് വരും. അതിനാൽ വരും ദിവസങ്ങളിലും രോഗവ്യാപനം ഉയർന്ന് നിൽക്കും. നിലവിൽ 80019 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്.

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് വീണ്ടും ഇ-പാസ് നിർബന്ധമാക്കുന്നു. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ഡൊമസ്റ്റിക് എന്‍ട്രി തിരഞ്ഞെടുക്കണം.

ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫൈ ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്ബോള്‍ അല്പ സമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും.വേരിഫിക്കേഷന് ശേഷം പേര്, ജനന തിയതി, ഐ.ഡി നമ്ബര്‍ ഉള്‍പ്പടെ ആവശ്യമായ വിവരം നല്‍കണം.

ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്‌ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് രജിസട്രേഷന്‍ വിവരം സന്ദേശമായെത്തും. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ പാസ് കാണിച്ച്‌ യാത്ര തുടരാം.

കൊച്ചി: താൻ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കറിയാം,അക്കാര്യം എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നു കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നിൽ എന്നാണ്.

മാർക്സിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽത്തന്നെ ക്രിമിനലുകൾ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു.സിപിഎമ്മിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടി20 ക്രിക്കറ്റ് ലോകകപ്പിനായി പാകിസ്ഥാൻ താരങ്ങൾ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്‌. പാകിസ്ഥാൻ ടീമിന് ഇന്ത്യയിൽ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിസാ പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ മത്സരം കാണുന്നതിന് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യയിൽ എത്താനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല” ഉന്നത കൗണ്‍സിലിലെ പേര് വെളിപ്പെടുത്താത അംഗം ന്യസ് ഏജൻസിയായ പിടിഐ യോട് പറഞ്ഞു.ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് സർക്കാർ തീരുമാനം ഉന്നത കൗണ്‍സിലിനെ അറിയിച്ചത്.

“ “യഥാസമയത്ത് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. എന്നിരുന്നാലും വിസാ പ്രശ്നം പരിഹരിക്കും എന്ന ഉറപ്പാണ് ഐസിസിക്ക് നൽകിയിരിക്കുന്നത്” ബിസിസിഐ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.ലോകകപ്പ് നടക്കുന്ന വേദികളും ബിസിസിഐ പ്രഖ്യാപിച്ചു.

നേരത്തെ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ യാതൊരു ഉറപ്പും ബിസിസിഐ യുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല എങ്കിൽ ലോകകപ്പ് വേദി മറ്റെവിടേക്കെ് എങ്കിലും മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടും എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഇഹ്സാൻ മനി പറഞ്ഞിരുന്നു.“കഴിഞ്ഞ വർഷം ഡിസംബർ 30 ന് അകം വിസ സംബന്ധിച്ചുള്ള ഉറപ്പ് ബിസിസിഐ യിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇതിനിടെ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗലിയെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ തീരുമാനം നീണ്ടു. ഇപ്പോൾ വീണ്ടും ഐസിസിയുമായി ഇത് സബന്ധിച്ച് ചർച്ച നടത്തുന്നുണ്ട്. ബിസിസിഐ യിൽ നിന്നും ഉറപ്പ് എഴുതി വാങ്ങുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്” ഇഹ്സാൻ മനി പറഞ്ഞു.

ഡൽഹി, മുംബൈ,ചെന്നൈ, കൊൽക്കത്ത,ബാഗ്ലൂർ, ഹൈദരാബാദ്, ധർമ്മശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ഫൈനൽ മത്സരത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും വേദിയാകും.രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ വർഷങ്ങളായി ഇന്ത്യ- പാകിസ്ഥാൻ പരമ്പരകൾ നടക്കാറില്ല. 2013 ലാണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര നടന്നത്. എന്നാൽ ലോകകപ്പ് ഉൾപ്പടെയുള്ള ഐസിസി ടൂർണമെന്റുകളിൽ ഇരുവരും ഏറ്റുമുട്ടാറുണ്ട്.