താൻ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ല;വി. മുരളീധരൻ

കൊച്ചി: താൻ കേരളത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾക്കറിയാം,അക്കാര്യം എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നു കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.ജി. സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹംതന്നെ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ക്രിമിനലുകളാണ് അതിനു പിന്നിൽ എന്നാണ്.

മാർക്സിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ജി. സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽത്തന്നെ ക്രിമിനലുകൾ ഉണ്ട് എന്ന് ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു.സിപിഎമ്മിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.