തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടും മുമ്പേ മറിയം റഷീദ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനായ രാജേഷ് പിള്ളയാണ് നിര്‍ണായക വെളിപ്പെടുത്തൽ. മറിയം റഷീദയെ ചാരക്കേസില്‍ പിടികൂടുന്നതിന് രണ്ടാഴ്ച മുമ്പേ ഡല്‍ഹിയിലെ റോ ഓഫീസില്‍നിന്ന് തിരുവനന്തപുരത്തെ ഓഫീസില്‍ വിവരം ലഭിച്ചിരുന്നു. മാലിയില്‍നിന്നുള്ള മറിയം റഷീദ തിരുവനന്തപുരത്ത് എത്താന്‍ സാധ്യതയുണ്ടെന്നും ഇവരെ പിടിച്ചുവെയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. പി.വി. നരസിംഹറാവു ഇടപെട്ടതോടെ ചാരക്കേസിലെ അന്വേഷണത്തില്‍നിന്ന് റോ പിന്മാറി. കെ. കരുണാകരന് ചാരക്കേസുമായി ബന്ധമില്ലെന്ന് റോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചാരക്കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണം മുന്‍വിധിയില്ലാതെ തുടക്കംമുതലുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കില്‍ കേസില്‍ സത്യം പുറത്തുവരുമെന്നും രാജേഷ് പിള്ള പറഞ്ഞു. അതെസമയം ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ മാലി സ്ത്രീകള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് ക്രയോജനിക്ക് സാങ്കേതിക വിദ്യയല്ലെന്നും പാകിസ്താന് വേണ്ടിയായിരുന്നില്ല ചാരപ്രവര്‍ത്തനമെന്നും രാജേഷ് പിള്ള പറഞ്ഞു.