Kerala (Page 1,177)

കൊച്ചി: സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളായതിനാല്‍ കോടതിക്ക് ഇതില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്. അതേസമയം, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ സുഹൃത്താണ് എസ്. ശ്രീജിത്തെന്നും, കേസിന് പിന്നില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍, കേസില്‍ നിന്ന് തന്നെ മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചരണം ബാലിശമാണെന്നായിരുന്നു ശ്രീജിത്ത് പ്രതികരിച്ചത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവി തന്നെക്കാള്‍ മിടുക്കനാണെന്നും, വിവാദങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ട് പൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി സർക്കാർ നൽകിയ 600 വാഗ്ദാനങ്ങളിൽ 100 പോലും നടപ്പാക്കിയില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം ഉന്നയിക്കുന്നത്. സർക്കാരിന്റെ വാഗ്ദാന വിഷയത്തിൽ വിഷയത്തിൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചുള്ള സുപ്രിംകോടതി ഉത്തരവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിൽ 24 ഓളം വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമുണ്ട്. ഈ സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ വികസനത്തെയും ഉപജീവനമാർഗങ്ങളെയും ബാധിക്കുന്നതാണ് കോടതി ഉത്തരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ 20ഓളം പട്ടണങ്ങളെയും ഒരുലക്ഷത്തോളം ഗ്രാമങ്ങളെയും ബാധിക്കുന്ന ഗൗരവ വിഷയമാണിത്. വനങ്ങൾക്ക് ചുറ്റും 1 കിമീ പരിസ്ഥിതി ലോല മേഖലയായി നൽകിയാൽ ഏകദേശം 2.5 ലക്ഷം ഏക്കർ മനുഷ്യ വാസ കേന്ദ്രങ്ങളിൽ വികസനം സാധ്യമാകില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. ക്വാറികളെ സംരക്ഷിക്കാൻ മാത്രമാണിപ്പോൾ സർക്കാരിന് ഇക്കാര്യത്തിൽ താത്പര്യമെന്നും ക്വാറി ഉടമകളുടെ താത്പര്യം മാനിച്ചാൽ കർഷകർ തഴയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല മറിച്ച് ലഹരി വര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. മധ്യമേഖല എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ വാക്കുകള്‍

മദ്യ വില്‍പന ഔട്ട്‌ലെറ്റുകള്‍ പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരി നിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തില്‍ എത്രയും വേഗം നിര്‍ത്തലാക്കണം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ല. കേരളത്തിലെ കള്ള് ഷാപ്പുകളില്‍ നിര്‍മിത കള്ള് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നത് വകുപ്പിന്റെ പ്രധാന പരിഗണനയാണ്. പാലക്കാട് ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കള്ള് എത്രയാണെന്ന കൃത്യമായ കണക്ക് ഉണ്ടാകുക അതിനു പ്രധാനമാണ്. കണക്ക് ശേഖരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും രണ്ട് ഉദ്യോഗസ്ഥരെയും കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും ചുമതലപ്പെടുത്തണം. ചെത്തുന്ന കള്ളിന്റെ അളവ്, തെങ്ങുകളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കണം. എക്‌സൈസ് വകുപ്പിന്റെ ആധുനിക വല്‍ക്കരണത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങള്‍ അതുകൊണ്ടുതന്നെ പൂര്‍ണമായും ഒഴിവാക്കണം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാന്‍ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റ കൃത്യങ്ങളില്‍ സാങ്കേതിക തെളിവുകള്‍ പരമാവധി ശേഖരിക്കുകയും കോടതികളില്‍ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ മയക്കു മരുന്ന് ഡിറ്റക്ടര്‍, നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങള്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കും. പ്രതികള്‍ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും വകുപ്പിന്റെ ഉത്തരവാദിത്തമാണ്. മേലുദ്യോഗസ്ഥര്‍ ഇത് ഉറപ്പു വരുത്തണം. കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഓഫീസ് അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സേനാംഗങ്ങളുടെ പ്രവര്‍ത്തികള്‍ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുമെന്നത് ഓര്‍മയില്‍ വച്ചുകൊണ്ടാകണം പ്രവര്‍ത്തനം. അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. എക്‌സൈസ് വകുപ്പിന്റെ സേവനങ്ങള്‍, അപേക്ഷകള്‍, ഫയലുകള്‍, കേസുകള്‍ എന്നിവയില്‍ കാലത്താമസമുണ്ടാകാതെ പരിഹാരമുണ്ടാകണം. നിയമാനുസരണം നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കണം. അനാവശ്യ കാല താമസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കാസർകോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മഞ്ചേശ്വരം കോഴക്കേസിലാണ് സുരേന്ദ്രനെതിരെ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ വകുപ്പുകൾ കൂടിയാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കോഴക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പുകൾ അധികമായി ചേർത്ത കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ കെ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്നാണ് കേസ്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.

കെ സുരേന്ദ്രനും ബിജെപി നേതാക്കളുമുൾപ്പടെ ആറ് പേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പ്രതികളിൽ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് തീരുമാനം.

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ ഉത്തരവ് പുറത്തിറങ്ങി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും അതിനായി അപേക്ഷിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് പോലീസ് സേനയിലെ അംഗങ്ങള്‍ക്ക് വിവിധ ബറ്റാലിയനുകളിലും തൃശൂര്‍ പോലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നല്‍കി വരുന്നത്.

അതേസമയം, 1000 മുതല്‍ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാല്‍ മതിയാകും. ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങള്‍ക്ക് ഫീസ് കൂടും. വിവിധ ബറ്റാലിയനുകളില്‍ വച്ചായിരിക്കും പരിശീലനം നല്‍കുക. എന്നാല്‍, പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ രേഖകള്‍, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളു എന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടങ്ങളിലും റൈഫിള്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്ന് ഫയറിംഗ് പരിശീലനം നേടാമെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. പകരം എയര്‍ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ലൈസന്‍സുള്ളവര്‍ക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തില്‍ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. പിന്നാലെയാണ് ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഡിജിപി ഉത്തരവിറക്കിയത്.

തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇകണോമിക്സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.

സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ കുറഞ്ഞത് ഡിപ്ലോമ എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം.

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ ജൂൺ 10 ന് മുമ്പ് ലഭിക്കണം.

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പതിനഞ്ചാമത് യോഗത്തിലാണ്, സുപ്രീംകോടതി ഏപ്രില്‍ എട്ടിന് പുറപ്പടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നത്.

ഇതിനിടെ, അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും, അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്റെ സഹകരണം തമിഴ്‌നാട് തേടി. എന്നാല്‍സ വനം വകുപ്പിന്റേത് ഉള്‍പ്പടെയുള്ള അനുമതികള്‍ ഇതിനായി ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ ഉടന്‍ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചതിനാലാണ് തര്‍ക്ക വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, 2021-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാപരിശോധന നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മഴ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുല്ലപ്പെരിയാറില്‍ സ്ഥിരം ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീമകോടതിയിലെ ഹര്‍ജിക്കാരനായ ഡോ. ജോ. ജോസഫ് മേല്‍നോട്ട സമിതിക്ക് കത്ത് നല്‍കിയിരുന്നു.

കോഴിക്കോട്: വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഒഴിവുള്ള കണ്ടന്റ് എഡിറ്റർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർധ- സർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷനിൽ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷൻ നൽകുന്ന തീയതി കണക്കാക്കി)

2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവർ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്ന അപേക്ഷ ജൂൺ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഫോൺ: 0495 2370225

തിരുവനന്തപുരം: ബിജെപി നേതാവ് നൂപുർ ശർമയുടെ ഭാഗത്ത് നിന്നുണ്ടായ പ്രവാചക നിന്ദയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികളെന്ന് അദ്ദേഹം വിമർശിച്ചു. അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണ്. മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം. നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ. അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ.

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദ്ദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാൾക്ക് ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന നമ്മുടെ ഭരണഘടനയെ അവർ തീർത്തും അവഗണിക്കുകയാണ്. മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആർക്കും നൽകുന്നില്ല. നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. അതിലുപരിയായി വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നു വരണം. നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിത്.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവെക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ് ബാധകമാണെന്ന് മന്ത്രി അറിയിച്ചു.

അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്നതും ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് നടപടി. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് നൽകുമ്പോൾ 10 ശതമാനം പട്ടികജാതി- പട്ടിക വർഗക്കാർക്കും മൂന്നു ശതമാനം വികലാംഗർക്കും നീക്കിവെക്കുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടിയും മാറ്റിവെക്കുന്നത്. പേരിന് ഒരു സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക് എടുത്ത്, മറ്റ് ആളുകൾ ബിസിനസ് നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾക്ക് ഉൾപ്പെടെ മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തികശാക്തീകരണമാണ്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകിയും, ഇരുപതുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കെ ഡിസ്‌ക് പദ്ധതിയിലൂടെയും അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന സർക്കാർ നിലപാടിന്റെ തുടർച്ചയാണ് തദ്ദേശസ്ഥാപനങ്ങളുടെ കീഴിലെ കടമുറികളിൽ അഞ്ച് ശതമാനം സ്ത്രീകൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.