മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാസർകോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മഞ്ചേശ്വരം കോഴക്കേസിലാണ് സുരേന്ദ്രനെതിരെ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ വകുപ്പുകൾ കൂടിയാണ് സുരേന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കോഴക്കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ജാമ്യമില്ലാ വകുപ്പുകൾ അധികമായി ചേർത്ത കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ കെ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം രൂപ നൽകിയെന്നാണ് കേസ്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.

കെ സുരേന്ദ്രനും ബിജെപി നേതാക്കളുമുൾപ്പടെ ആറ് പേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പ്രതികളിൽ അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് തീരുമാനം.