Kerala (Page 1,176)

തിരുവനന്തപുരം: കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസ്സുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കിഫ്ബിയിൽ നിന്ന് നാല് ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ വാങ്ങുന്നത്. 2017-ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി-സ്വിഫ്റ്റിനായി സർവ്വീസ് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ 700 ബസ്സുകൾ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. പുതിയ ബസുകൾ എത്തുന്നതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനം ശമ്പളം നല്‍കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആശയവിനിമയം നടത്തി.

ഏപ്രില്‍ മാസത്തെ ശമ്പളം മൂന്ന് വാരം കാത്തിരുന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയുവിനെ കൂടാതെ ഐഎന്‍ടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകള്‍ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മൗനം വെടിഞ്ഞു.

അതേസമയം, 700 സിഎന്‍ജി ബസ്സ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയില്‍ നടക്കുന്നനിടെയാണ് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകള്‍ വാങ്ങാനാണ് പദ്ധതി. ആയിരം സിഎന്‍ജി ബസ് വാങ്ങാന്‍ 2016 ലെ ബജറ്റില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സിഎന്‍ജി ബസ് മാത്രമാണ്.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് എഎ റഹീം കെ സുധാകരനെതിരെ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പറഞ്ഞു അധിക്ഷേപിക്കാൻ ശ്രമിച്ച അതേ നാവുകൊണ്ട് തന്നെയാണ് ഇപ്പോൾ വീണ്ടും മലിനമായ വാക്കുകൾ ആവർത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അത്ഭുതമില്ല, സുധാകരനാണ്, ആയുധവും അക്രമവും, അശ്ലീലവുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കേരളം കേൾക്കാൻ ആഗ്രഹിക്കാത്തത് മാത്രമേ ശ്രീ കുമ്പക്കുടി സുധാകരന്റെ മലിനമായ നാക്കിൽ നിന്നും കേൾക്കാൻ കഴിയൂ. വ്യാജഡോക്ടറായ മോൺസൺ മാവുങ്കലിന്റെ മുന്നിൽ ചികിത്സയ്ക്കായി പോയ മഹാനാണ്. എന്തു ചികിത്സയെന്നു കേരളത്തിന് ഇതുവരെ മനസ്സിലായിട്ടുമില്ല. തനിക്ക് തോന്നിയാൽ താൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ. ധാർഷ്ട്യവും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ നടപ്പിലും വാക്കിലും. ആരെയെങ്കിലും വെല്ലുവിളിക്കാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകാറില്ല.ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് കെപിസിസി പ്രസിഡന്റിന്റേത്. തൃക്കാക്കരയിൽ സുധാകരന് പരാജയ ഭീതിയാണ്. ആ ഭീതിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ ഇത്തരം. തരം താണ പ്രസ്താവന നടത്താൻ കാരണം .ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കലുമാണ് ലക്ഷ്യം. കേരളം ഇതെല്ലാം കേൾക്കുന്നുണ്ട് .തൃക്കാക്കരയും കേരളമാകെയും കേൾക്കാൻ ആഗ്രഹിക്കാത്ത മോശമായ ഭാഷാ പ്രയോഗമാണ് കോൺഗ്രസ്സ് നേതാവായ ശ്രീ സുധാകരൻ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനഹൃദയങ്ങളിലാണ് സഖാവ് പിണറായി വിജയൻ. സുധാകരന്റെ അധിക്ഷേപത്തിനു തകർക്കാൻ കഴിയില്ല പിണറായി എന്ന കരുത്തിനെ. കേരളത്തിന്റെ കാവലും കരുതലുമാണ് ജനങ്ങളുടെ പ്രിയപ്പെട്ട പിണറായി. തൃക്കാക്കരയിലെ വോട്ടർമാർ സുധാകരന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും മറ്റു സര്‍ക്കാര്‍ ആശുപത്രികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരുദിവസം കാന്‍സര്‍ പ്രാരംഭപരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രത്യേക ആപ്പ്, രജിസ്ട്രി, പോര്‍ട്ടല്‍ എന്നിവ ഇതിനായി തയ്യാറാക്കും. ആര്‍ദ്രം പദ്ധതിയിലെ സംസ്ഥാന കാന്‍സര്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. 30 വയസ്സിനുമുകളിലുള്ള എല്ലാവരിലും ജീവിതശൈലീ രോഗം കണ്ടെത്താനും കാരണം അറിയാനുമുള്ള വിവരശേഖരണം ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് നടത്തും-മുഖ്യമന്ത്രി പറഞ്ഞു.

ജന്തുജന്യരോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായാണ് വണ്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നും കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം തൃക്കാക്കരയിലും തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീതാണ്. കേരളം മുഴുവന്‍ എന്‍ഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണ്’- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ വാക്കുകള്‍

‘ഇതുവരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയില്‍ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചത് ആദിവാസി വിഭാഗങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂര്‍ നീര്‍വേലിയില്‍ സിപിഎം-കോണ്‍ഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകര്‍ത്താണ് എന്‍ഡിഎ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിത്. കെ-റെയില്‍ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്നാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയായതുകൊണ്ടാണ് സര്‍ക്കാരിന് കുറ്റിയടി നിര്‍ത്തേണ്ടി വന്നത്. രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോള്‍ ട്വന്റി ട്വന്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ സര്‍ക്കാരിനേക്കാള്‍ വലിയ ആവേശം കാണിച്ചത് വി.ഡി സതീശനും യുഡിഎഫുമായിരുന്നു. രണ്ട് മുന്നണികളും നിലപാടില്‍ നിന്നും പിന്നോട്ട് പോയി. കേരളത്തില്‍ നിന്നും പിണറായി വിജയന്‍ കിറ്റക്‌സിനെ ആട്ടിയോടിച്ചപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തകനെ കിഴക്കമ്ബലത്ത് സിപിഎമ്മുകാര്‍ കൊല ചെയ്തപ്പോള്‍ ബിജെപി മാത്രമാണ് പ്രതികരിച്ചത്. ബൂത്ത് തലം മുതല്‍ ബിജെപി നടത്തിയ പുനഃസംഘടനയും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനവുമാണ് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവര്‍ത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായി.’

തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം വീടുകളിലേക്കെത്തുകയെന്ന് കെ റെയിൽ. ഉദ്യോഗസ്ഥരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് വ്യക്തമാക്കുമെന്ന് കെ റെയിൽ അറിയിച്ചു.

സാമൂഹ്യാഘാത പഠന സംഘവും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി പഠനം നടത്താനായിരുന്നു മുൻ തീരുമാനം. അതില്ലാത്തതുകൊണ്ടാണ് രണ്ടുകൂട്ടരും ഒരുമിച്ച് എത്തുന്നതെന്നും മൊബൈൽ ഡിവൈസിലൂടെ കാണുന്ന അലൈൻമെന്റിൽ നിന്ന് ഒരു മീറ്റർ വരെ മാറ്റം ഉണ്ടാകാമെന്നും കെ റെയിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാനുള്ള അതിരല്ലാത്തതിനാൽ ഈ വ്യത്യാസം പ്രശ്‌നമാവില്ല. എന്നാൽ, കൃത്യതയോടെ അലൈൻമെന്റ് നിശ്ചയിക്കാൻ കഴിയുന്നത് ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) വഴിയാണ്. ഇതും ഉപയോഗപ്പെടുത്തുമെന്നും കെ റെയിൽ എംഡി വി അജിത് കുമാർ പറഞ്ഞു.

ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു സംവിധാനമേ ഉപയോഗിക്കൂ. രണ്ടായാലും ഉദ്യോഗസ്ഥർ വീടുകളിലെത്തും. രണ്ടാമത്തെ സംവിധാനം പ്രവർത്തിക്കുന്നത് ഭൂമിയുടെ അക്ഷാംശവും രേഖാംശവും കൃത്യമായി അറിയുന്ന അഞ്ച് ഉപഗ്രഹങ്ങളിലൂടെയാണ്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു സബ് സ്റ്റേഷൻ വേണ്ടിവരും. ഒരു സ്ഥലത്ത് വയ്ക്കുന്ന സബ് സ്റ്റേഷന്റെ ഇരു വശങ്ങളിലേക്കുമുള്ള അഞ്ചു കിലോ മീറ്റർ വരെയുള്ള അലൈൻമെന്റ് വീടുകളിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഡിവൈസിൽ കൃത്യമായി അറിയാനാവും. രണ്ടു ദിശയിലേയും അലൈൻമെന്റ് മാർക്കു ചെയ്തു കഴിഞ്ഞാൽ, സബ് സ്റ്റേഷൻ പത്തുകിലോമീറ്റർ അപ്പുറത്തേക്ക് മാറ്റും. വീണ്ടും അതിന്റെ ഇരുദിശയിലേയും അഞ്ചുകിലോമീറ്റർ വീതം അടയാളപ്പെടുത്തും. കെ റെയിലിനായുള്ള പരിസ്ഥിതി ആഘാത പഠനം കാലവർഷം കഴിഞ്ഞാലുടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിൽവർ ലൈൻ കല്ലിടലിനായി കുറ്റികൾ നിർമ്മിച്ച ചെറുകിട കമ്പനികൾ പ്രതിസന്ധിയിലായി. ഒരു കുറ്റി നിർമ്മിക്കാൻ 500 രൂപയായിരുന്നു ചെലവ്. കുറ്റി നിർമ്മിച്ചതിന് 30 ലക്ഷത്തോളമാണ് ചെറുകിട കമ്പനികൾക്ക് ലഭിക്കാനുള്ളത്. പണം തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇവർ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ ഫോണെടുത്തിട്ടെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനൊരുങ്ങി സർക്കാർ. ബെവ്‌കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ മദ്യവിൽപ്പനശാലകൾക്ക് സർക്കാർ അനുമതി നൽകിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

അതേസമയം, സംസ്ഥാനത്ത് എത്ര മദ്യവിൽപ്പന ശാലകളാണ് തുറക്കുന്നത് എന്ന് വ്യക്തമല്ല. പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബെവ്‌കോ അറിയിച്ചു. തുറക്കുന്ന ഷോപ്പുകളിൽ അധികവും നേരത്തെ പൂട്ടിപ്പോയ ഷോപ്പുകളാണ്. പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. തിരുവനന്തപുരം അഞ്ച്, കൊല്ലം ആറ്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ നാല്, കോട്ടയം ആറ്, ഇടുക്കി എട്ട്, എറണാകുളം എട്ട്, തൃശൂർ അഞ്ച്, പാലക്കാട് ആറ്, മലപ്പുറം മൂന്ന്, കോഴിക്കോട് മൂന്ന്, വയനാട് നാല്, കണ്ണൂർ നാല്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മദ്യശാലകളെന്നാണ് റിപ്പോർട്ടുകൾ.

ഐടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലയും വർദ്ധിക്കാൻ സാധ്യതയുണ്ട്.

തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 വനിതാ പോലീസുകാരില്‍ 59 പേര്‍ ബി.ടെക് ബിരുദധാരികളാണ്. ഇതില്‍ 7 പേര്‍ എം.ടെക് യോഗ്യതയുള്ളവരാണ്. കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ യോഗ്യതയുള്ളവരും പുതിയ ബാച്ചിലുണ്ട്. പി.ജി കഴിഞ്ഞ 50 പേരും ഈ കൂട്ടത്തിലുണ്ട്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയിലാണ് നടക്കുക.

തിരുവനന്തപുരം ജില്ലയില്‍ നിന്ന് 110 പേര്‍ സേനയുടെ ഭാഗമാകും. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയില്‍ നിന്നാണ്. 3 പേരാണ് സേനയിലുണ്ടാവുക. പരേഡ്, ശാരീരികക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനീങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധപരിശീലനം, ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു.

തിരുവനന്തപുരം: വികസനത്തിന്റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽപ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ പ്രശ്നങ്ങളിൽ ക്രിയാത്മക നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണു ലൈഫ് പദ്ധതി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് ഇത്തരം പദ്ധതികളുടെ ഗുണഫലം വലിയ തോതിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലൈഫ് പദ്ധതിയിലെ ഓരോ വീടും പൂർത്തിയാകുന്നതു നാടിനു നൽകുന്ന സന്തോഷം വലുതാണ്. സ്വന്തമായി വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ്. സ്വന്തം വീട് എന്നതു ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത സ്വപ്നമെന്നു കരുതിയിരുന്നവർപോലുമുണ്ട് ഇക്കൂട്ടത്തിൽ. ഇവരിൽനിന്നുയരുന്ന ആത്മവിശ്വാസം സമൂഹത്തിനു വലിയ ഉണർവാണു നൽകുന്നത്. കഠിനംകുളം വെട്ടുതുറയിലെ ഐഷാ ബീവിയുടേയും അമറുദ്ദീൻറെയും രണ്ടു മക്കളുടേയും വീടിന്റെ താക്കോൽ കൈമാറിയപ്പോൾ അവരുടെ കണ്ണുകളിൽ ഈ തിളക്കം കാണാൻ കഴിഞ്ഞു. നല്ലൊരു വീട്ടിൽ താമസിക്കാൻ കഴിയുമ്പോഴുണ്ടാകുന്ന പ്രസരിപ്പാണത്. ഇത് ഒരു കുടുംബത്തിനു മാത്രമുണ്ടാകുന്നതല്ല, മൂന്നു ലക്ഷത്തോളം കുടുംബങ്ങളുടെ മനസാണ് ഈ മുഖങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിലെ ആദ്യ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതോടെ പുതിയ കുടുംബങ്ങൾക്കു വീടു നൽകാനുള്ള പദ്ധതിയിലേക്കു കടക്കും. അതിന്റെ ഗുണഭോക്തൃ പട്ടിക അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. നാടിന്റെ സഹകരണം ഇത്തരം കാര്യങ്ങളിൽ ഉണ്ടാകുകയെന്നതു പ്രധാനമാണ്. ഭവന സമുച്ചയങ്ങൾ നിർമിക്കുമ്പോൾ ഭൂമി കുറവു മതിയെങ്കിലും വലിയ ചെലവാണുണ്ടാകുന്നത്. ഇതു മുൻനിർത്തിയാണ് ഓരോ കുടുംബത്തിനും സ്വന്തമായ വീട് എന്നതിനു മുൻഗണന നൽകുന്നത്. ഇതിന്റെ ഭാഗമായാണു മനസോടിത്തിരി മണ്ണ് എന്ന പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഇതിനോടു വലിയ പ്രതികരണമാണു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമിയിൽ സമയബന്ധിതമായി വീടുകൾ നിർമിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനുള്ള സത്വര നടപടികൾ ഉടനുണ്ടാകും. പുതിയ വീടുകൾ നിർമിക്കുന്നതിനു കൂടുതൽ ഭൂമി ആവശ്യമുള്ളതിനാൽ കൂടുതൽ പേർ പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കേരളത്തിലെ പാർപ്പിട സൗകര്യങ്ങൾ വർധിക്കുന്നതും പാവപ്പെട്ടവർക്കു വീടില്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണുന്നതും വികസനത്തിന്റെ ഭാഗമായി കാണാത്തവരുണ്ട്. ഇതു വികസനത്തിന്റെ സൂചികതന്നെയാണ്. വികസനത്തിന്റെ സ്വാദ് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം മാത്രം അനുഭവിച്ചാൽപോര. നാട്ടിലെ എല്ലാവർക്കും അത് അനുഭവിക്കാനാകണം. സർവതലസ്പർശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായി വികസനം സാധ്യമാകുന്നത് അപ്പോഴാണ്. ഇതിനൊപ്പം വൻകിട, ചെറുകിട പദ്ധതികൾ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ നടക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോൾ യാഥാർത്ഥ്യമായി നമ്മുടെ കൺമുന്നിലുണ്ട്. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനത്തിനു കാസർകോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പിന്റെ വേണ്ടിവന്നു. സ്ഥലമെടുത്തതിന്റെ പേരിൽ ആരും വഴിയാധാരമായിട്ടില്ല. സ്ഥലമേറ്റെടുപ്പിന്റെ ആനുകൂല്യങ്ങളിൽ ആരും ദുഃഖിതരല്ല, എല്ലാവരും സന്തുഷ്ടരാണ്. അത്ര വലിയ തുകയാണു നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. കൂടുതൽ സൗകര്യത്തോടെ, ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നുവെന്നതാണു സ്ഥലം വിട്ടുനൽകിയവരുടെ അനുഭവം. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാൽ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈഫ് രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വംയഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലൈഫ് ഗുണഭോക്താക്കളിൽ സർക്കാരുമായി കരാർ പൂർത്തിയാക്കാനുള്ളവരെ വീടുകളിലെത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന വിപുലമായ നടപടിക്കു സർക്കാർ തുടക്കമിട്ടു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കഠിനംകുളം വെട്ടുതുറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വി. ശശി എം.എൽ.എ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് അജിത അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്സൺ, വാർഡ് അംഗം റീത്ത നിക്സൺ, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: ഫെഡറൽ ബാങ്കിൽ ഒഴിവ്. ജൂനിയർ മാനേജ്‌മെന്റ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ ക്ലാസുകളിലും അറുപത് ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിരിക്കണം. മെയ് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

36,000-63,840 രൂപയാണ് ശമ്പള സ്‌കെയിൽ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റർവ്യൂ കേന്ദ്രങ്ങളായിരിക്കും. 1.5.2022 ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. അവസാന വർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.federalbank.co.in വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈൻ ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റ്, ഗ്രൂപ്പ ചർച്ച, റോബോട്ടിക് ഇന്റർവ്യൂ, പേഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ ലഭിക്കുക.