മുല്ലപ്പെരിയാര്‍: സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാനൊരുങ്ങി മേല്‍നോട്ട സമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങള്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പതിനഞ്ചാമത് യോഗത്തിലാണ്, സുപ്രീംകോടതി ഏപ്രില്‍ എട്ടിന് പുറപ്പടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നത്.

ഇതിനിടെ, അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും, അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്റെ സഹകരണം തമിഴ്‌നാട് തേടി. എന്നാല്‍സ വനം വകുപ്പിന്റേത് ഉള്‍പ്പടെയുള്ള അനുമതികള്‍ ഇതിനായി ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. അണക്കെട്ടിലെ ചോര്‍ച്ച ഉള്‍പ്പടെ പരിശോധിക്കുന്നതിന് ആവശ്യമായ ഇന്‍സ്ട്രമെന്റേഷന്‍ ഉടന്‍ നടപ്പാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചതിനാലാണ് തര്‍ക്ക വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, 2021-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാപരിശോധന നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മഴ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുല്ലപ്പെരിയാറില്‍ സ്ഥിരം ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീമകോടതിയിലെ ഹര്‍ജിക്കാരനായ ഡോ. ജോ. ജോസഫ് മേല്‍നോട്ട സമിതിക്ക് കത്ത് നല്‍കിയിരുന്നു.