നടിയെ ആക്രമിച്ച കേസ്‌: ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളായതിനാല്‍ കോടതിക്ക് ഇതില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്. അതേസമയം, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ സുഹൃത്താണ് എസ്. ശ്രീജിത്തെന്നും, കേസിന് പിന്നില്‍ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു.

എന്നാല്‍, കേസില്‍ നിന്ന് തന്നെ മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചരണം ബാലിശമാണെന്നായിരുന്നു ശ്രീജിത്ത് പ്രതികരിച്ചത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവി തന്നെക്കാള്‍ മിടുക്കനാണെന്നും, വിവാദങ്ങളുണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.