International (Page 217)

പാങ്കോംഗ്: ലോകരാജ്യങ്ങളെല്ലാം ഒരുപോലെ ശ്രദ്ധിക്കുന്ന വാർത്തകളിലൊന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ. കിം അത്യാസന്ന നിലയിലാണെന്നും മരിച്ചു പോയെന്നും വരെ ഒരു സമയത്ത് വാർത്തകൾ വന്നിരുന്നു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കിം ജോങ് ഉന്നിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

കഴിഞ്ഞയാഴ്ച പുറത്തു വന്ന ഒരു ചിത്രത്തിന്റെ ചുവടുപിടിച്ചാണ് കിം ജോങ് വാർത്തകളിൽ ഇടം നേടിയത്. നേരത്തെ ഉള്ളതിൽ നിന്നും വ്യത്യസ്തനായി മെലിഞ്ഞിരിക്കുന്ന കിം ജോങ് ഉന്നാണ് ചിത്രത്തിലുള്ളത്. കിം ജോങ് ഉന്നിന്റെ ഭാരം വളരെയധികം കുറഞ്ഞുവെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചിൽ നിന്നും വ്യക്തമാകുന്നത്. ഏറെ കാലം മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു കിം. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ വാച്ചിൽ നിന്നുള്ള വിവരത്തിന് വാർത്താ പ്രാധാന്യമേറുന്നത്.

ഉത്തര കൊറിയയിലെ ഔദ്യോഗിക മാദ്ധ്യമങ്ങൾ പുറത്തുവിട്ട കിമ്മിന്റെ പുതിയ ഫോട്ടോകളിൽ, അദ്ദേഹം ധരിച്ചിരിക്കുന്ന ഐ ഡബ്ല്യു സി ഷാഫൗസെൻ പോർട്ടോഫിനോ വാച്ച് സസൂക്ഷ്മം നിരീക്ഷിച്ച ശേഷമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ നിന്നുള്ള ഫോട്ടോകളുമായി വിലയിരുത്തിയ ശേഷമാണ് വാച്ചിലെ വിവരങ്ങൾക്ക് അനുസരിച്ച് ഉത്തര കൊറിയൻ ഭരണാധികാരിയുടെ ശരീരഭാരം വളരെയധികം കുറഞ്ഞതായി കണക്കാക്കിയത്. ശരീരഭാരം കുറഞ്ഞതിനാൽ കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

covid

ന്യൂയോർക്ക്: കോവിഡ് വൈറസ് എന്ന മഹാമാരിക്കതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. ഓരോ ദിവസവും കോവിഡിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോവിഡ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ പഠനം.

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാൻ കോവിഡിന് കഴിയുമെന്നാണ് നാഡീരോഗ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കോവിഡ് രോഗം രൂക്ഷമായി ഓക്സിജൻ തെറാപ്പി വേണ്ടി വന്നവർക്ക് ഗ്രേ മാറ്റർ സ്ഥിതിചെയ്യുന്ന തലച്ചോറിന്റെ മുൻഭാഗം കാര്യമായി ചുരുങ്ങിയിരിക്കുന്നത് സ്‌കാനിംഗിൽ കണ്ടെത്താനായെന്നും വിദഗ്ധർ പറയുന്നു. ജോർജിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ന്യൂറോബയോളജി ഓഫ് സ്ട്രെസ് എന്ന മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെനാൾ ഓക്സിജൻ തെറാപ്പി വേണ്ടിവന്നവർക്കും വെന്റിലേറ്ററിൽ കഴിഞ്ഞവർക്കും ഭാവിയിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

വിവരങ്ങളുടെ ക്രോഡീകരണത്തിന്റെയും ഓർമ്മ, ചലനശേഷി, വികാരങ്ങൾ എന്നിവയുടെ നിയന്ത്രണയത്തിന്റെയും കേന്ദ്രമാണ് ഗ്രേ മാറ്ററുകൾ. ഇവ നേരാംവണ്ണം പ്രവർത്തിക്കാതെ വരുന്നത് മൂലം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രക്താതിസമ്മർദ്ദവും, അമിതവണ്ണവും തലച്ചോറിന് മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നവർക്ക് ഈ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പദ്മശ്രീ ജേതാവ് ഡോ.ബി.എൻ ഗംഗാധർ വ്യക്തമാക്കി. തലച്ചോറിൽ ഗ്രേമാറ്റർ പൊതുവിൽ കുറഞ്ഞവർക്ക് കടുത്ത മൂഡ് വ്യതിയാനങ്ങളും ഉത്കണ്ഠാ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഈ അവസ്ഥയാകും കോവിഡ് വന്നുപോയവർക്ക് ഉണ്ടാകാനിടയുള്ളതെന്ന് ഗംഗാധർ പറഞ്ഞു.

അസാധാരണ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ഡോക്ടറെ കാണണമെന്നാണ് വിദഗ്ധരുടെ ഉപദേശം. തലച്ചോറിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കണം. രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കണം. പസിലുകൾ പോലുളളവ ഉപയോഗിച്ച് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 8 മുതൽ 9 മണിക്കൂർ വരെ കൃത്യമായി ഉറങ്ങാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജെറുസലേം: സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസില്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ താവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രയേല്‍ സിറിയലില്‍ ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 18 ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നത്. അക്രമത്തില്‍ ഭീകരരുള്‍പ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് മരണം കാത്ത് കിടന്നിരുന്ന ബെക്‌സ് കൃഷ്ണന് ഒരു പുതിയ ജീവിതം ലഭിച്ചപ്പോൾ എല്ലാവരും നന്ദി അറിയിക്കുന്നത് വ്യവസായിയായ എം എ യൂസഫലിക്കാണ്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബിയിൽ ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണന് ജീവനും ജീവിതവും തിരികെ കിട്ടിയത്. ബെക്‌സിന്റെ ജീവൻ രക്ഷിക്കാൻ കാണിച്ച സന്മനസിന് വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദങ്ങളും പ്രശംസയും എത്തുമ്പോൾ യൂസഫലിയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം. പണമല്ല വലുത്, അദ്ദേഹം ഒരു ജീവനാണ്.

അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ചിലപ്പോൾ പണം കൊടുത്താലും ജീവൻ തിരികെ കിട്ടിയില്ലെന്ന് വരാം. ദിയാധനം കെട്ടിവെച്ചാൽ അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയുമെന്ന സാധ്യത ഉള്ളതുകൊണ്ടാണ് പണം കെട്ടിവെച്ചത്. മനുഷ്യൻ മനുഷ്യനാണ് ഉപകാരം ചെയ്യേണ്ടത്. ആ നിലയ്ക്കാണ് പണം കൊടുത്തുവിട്ടതെന്നും യൂസഫലി പറയുന്നു.

കൊച്ചിയിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ബെക്സ് കൃഷ്ണനെ സഹായിക്കാൻ തയ്യാറായതെന്ന് ചിലർ യൂസഫലിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. എത്രയോ മാസങ്ങൾക്ക് മുൻപ് തന്നെ ബെക്‌സ് കൃഷ്ണനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും ഹെലികോപ്ടർ അപകടത്തിന് ശേഷമെടുത്ത തീരുമാനമല്ലിതെന്നും യൂസഫലി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 4 നാണ് കോടതിയിൽ 500000 ദിർഹം കെട്ടിവെച്ചത്. അതിന്റെ റെസീപ്റ്റ് പോലും കൈയിലുണ്ട്. ഒരു പേരിന് വേണ്ടിയല്ല താൻ സഹായം ചെയ്തതെന്നും അതിന് വേണ്ടിയായിരുന്നെങ്കിൽ ജനുവരിയിൽ തന്നെ ഇക്കാര്യം പുറത്തുവിടേണ്ടതാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് ബെക്‌സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി ഒരു സുഡാൻ ബാലൻ മരണപ്പെട്ടിരുന്നു. ഈ കേസിലാണ് ബെക്‌സ് കൃഷ്ണൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ബെക്‌സ് കൃഷ്ണന്റെ ശിക്ഷ റദ്ദ് ചെയ്യാൻ കഴിഞ്ഞത്. 2012 സെപ്തംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 2013 ൽ യുഎഇ സുപ്രീം കോടതി ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.

എല്ലാ പ്രതീക്ഷകളും അവസാനിച്ച് മരണം കാത്ത് കഴിയവെയാണ് രക്ഷകനായി യൂസഫലി എത്തുന്നത്. ബന്ധു സേതു വഴി എം.എ.യൂസഫലിയോട് ബെക്‌സ് കൃഷ്ണന്റെ മോചനത്തിനായി ഇടപെടാൻ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. വർഷങ്ങൾ നീണ്ട ശ്രമഫലമായി ഒടുവിൽ ബെക്‌സ് കൃഷ്ണൻ ജയിൽ മോചിതനായി. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കെട്ടിവെയ്ക്കാനും തയ്യാറായി. അങ്ങനെ വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം ബെക്‌സിന് ജന്മനാട്ടിൽ തിരികെ എത്താൻ അവസരം ലഭിച്ചു.

ഡർബൻ: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ എല ഗാന്ധിയുടെ മകൾ ആശിഷ് ലത രാംഗോബിന് കോടതി തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ കോടതിയുടേതാണ് വിധി. ഏഴു വർഷമാണ് തടവ് ശിക്ഷ.

വ്യവസായിയായ എസ്.ആർ. മഹാരാജ് എന്നയാളാണ് ആശിഷ് ലത രാംഗോബിനെതിരെ പരാതി നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ഇല്ലാത്ത ചരക്കിന് ഇറക്കുമതി-കസ്റ്റംസ് തീരുവകൾ ക്ലിയർ ചെയ്യുന്നതിനായി പണം തട്ടിച്ചുവെന്നാണ് ആശിഷ് ലത രാംഗോബിനെതിരെയുള്ള പരാതി. ഇയാൾക്ക് ലാഭവിഹിതത്തിന്റെ ഒരു വിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമക്കൽ അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആറ് മില്യൺ റാൻഡിന്റെ ( ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിപ്പാണ് ഇവർ നടത്തിയത്. സൗത്ത് ആഫ്രിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് നെറ്റ്‌കെയറിനായി മൂന്ന് കണ്ടെയ്‌നർ ലിനൻ ഇറക്കുമതി ചെയ്തുവെന്ന് പറഞ്ഞാണ് ഇവർ ന്യൂ ആഫ്രിക്ക അലയൻസ് ഫൂട്ട് വെയർ ഡിസിട്രിബ്യൂട്ടേഴ്‌സ് ഡയറക്ടർ ആയിരുന്ന മഹാരാജിനെ സമീപിച്ചത്. തെളിവിനായി ചില വ്യാജരേഖകളും ഇവർ മഹാരാജിന് നൽകിയിരുന്നു. എന്നാൽ പിന്നീട് രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് മഹാരാജ് ഇവർക്കെതിരെ പരാതി നൽകിയത്.

google

ന്യുയോര്‍ക്ക് : നിയമലംഘനത്തിന്റെ പേരില്‍ ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ നല്‍കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി. ഡിജിറ്റല്‍ പരസ്യ മേഖലയിലെ വിപണി നിയമങ്ങളാണ് ഗൂഗിള്‍ ലംഘിച്ചത്. ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് കണ്ടെത്തല്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമ്മിഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തി. അതേസമയം, ഉത്തരവില്‍ ഗൂഗിള്‍ തര്‍ക്കമുന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

വാഷിംഗ്ടണ്‍ : ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ബഹിരാകാശ പര്യവേഷണത്തിന് തയ്യാറെടുക്കുന്നു. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേഷണ സാങ്കേതികവിദ്യാ നിര്‍മ്മാതാക്കളായ ബ്ലൂ ഒറിജിന്റെ പേടകമായ ന്യൂ ഷെപ്പേര്‍ഡിലായിരിക്കും സഹോദരനോടൊപ്പം ബഹിരാകാശത്തേയ്ക്ക് പറക്കുന്നത്.

ആമസോണ്‍ മേധാവിയുടെ സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ബെസോസ് അറിയിച്ചത്. അഞ്ച് വയസ് മുതല്‍ ബഹാരാകാശത്തേയ്ക്കുള്ള യാത്ര എന്നത് തന്റെ സ്വപ്നമായിരുന്നെന്നും അടുത്ത മാസം അത് സാക്ഷാത്ക്കരിക്കാന്‍ പോകുകയാണെന്നും ബെസോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2021 ജൂലായ് 20 ന് യാത്ര ആരംഭിക്കും.

ഏഴ് വര്‍ഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പേടകവും റോക്കറ്റും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ആറ് യാത്രക്കാരെ ഉള്ളില്‍ വഹിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ന്യൂ ഷെപ്പേര്‍ഡ് പേടകം 59 അടി ഉയരത്തിലുള്ള റോക്കറ്റിലാണ് ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കുക. ഇത് സാധ്യമായാല്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മ്മാതാവ് കൂടിയാകും ജെഫ് ബെസോസ്.

റിയോ ഡി ജനീറോ: കോവിഡ് പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ബ്രസീല്‍ താരങ്ങള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു നായകന്‍ കാസിമിറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് മത്സരവേദിയായ അര്‍ജന്റീനയെ അവസാന നിമിഷം മാറ്റിയത്.കോപ്പയില്‍ പങ്കെടുക്കില്ലെന്ന താരങ്ങളുടെ തീരുമാനം ബ്രസീലിയന്‍ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണെന്നും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെയുള്ള പോരാട്ടമാണെന്നും വിലയിരുത്തലുകളുണ്ട്.

താരങ്ങള്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കും. ബ്രസീലിയന്‍ താരങ്ങള്‍ക്ക് പിന്തുണയുമായി കൊളംബിയ, ഉറുഗ്വേ ടീമുകളിലെ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്ക്ക് ബ്രസീലില്‍ തുടക്കമാവേണ്ടത്. അര്‍ജന്റീനയും കൊളംബിയയുമായിരുന്നു മുന്‍ നിശ്ചയിച്ച വേദികള്‍.

ലോകത്തിലെ ഏറ്റവും വലിയ പോണ് വെബ്‌സൈറ്റായ പോണ്‍ഹബ്ബുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കോംകാസ്റ്റ്. പോണ്‍ഹബ്ബില്‍ കുട്ടികളുടെ അശ്ലീലം വരുന്നുവന്ന് ആരോപിച്ച് നിരവധി തവണ കോംകാസ്റ്റ് പോണ്‍ഹബിന്റെ ഉടമസ്ഥതയിലുള്ള മൈന്‍ഡ്ഗീക്കിന് പരാതി നല്കിയിരുന്നു. വിഷയത്തില്‍ അവര്‍ പ്രതികരിക്കാതായതോടെയാണ് കടുപ്പിച്ച തീരുമാനം എടുത്തത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീലസാഹിത്യവും ദൃശ്യങ്ങളും അടങ്ങിയ ഉള്ളടക്കങ്ങള്‍ പോണ്‍ഹബ്ബിനെ വെട്ടിലാക്കി. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നീക്കം ചെയ്യണമെന്നും നിരന്തരമായ ആവശ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്നുണ്ട്.

എന്നിട്ടും പോണ്‍ഹബ്ബ് യാതൊരു നടപടിയുമെടുത്തില്ല. ഏപ്രില്‍ മുതല്‍ മൈന്‍്ഡ്ഗീക്കിന്റെ എല്ലാ ഇടപാടുകളും ഞങ്ങളുടെ കേബിള്‍ സിസ്റ്റങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് ഒരു കോംകാസ്റ്റ് വക്താവ് പറഞ്ഞു. ‘പോണ്‍ഹബിനെതിരായ വിമര്‍ശനം 2020 അവസാനത്തോടെ മുഖ്യധാരാ ശ്രദ്ധ നേടി. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റോഫിന്റെ ഒരു നീണ്ട ലേഖനം ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു, ഇതില്‍ സെറീന ഫ്‌ലൈറ്റ്‌സ് എന്ന യുവതിയുടെ കഥ വന്നതോടെയാണ് യുഎസില്‍ പോണ്‍്ഹബ്ബ് തിരിച്ചടി നേരിട്ടു തുടങ്ങിയത്.

covid

കേപ് ടൗൺ: എച്ച്ഐവി ബാധിതയായ യുവതിയിൽ കോവിഡ് വൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 216 ദിവസത്തോളം കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം യുവതിയിൽ നിലനിന്നത്. 36 വയസുള്ള യുവതിയിൽ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങൾ സംഭവിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. മെഡ്ആർക്കൈവ് (medRxiv) എന്ന മെഡിക്കൽ ജേണലാണ് ഇത് സംബന്ധിച്ച പഠനം പുറത്തുവിട്ടത്.

ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ സ്വദേശിയായ യുവതിയ്ക്ക് 2006 ലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. കാലക്രമേണ യുവതിയുടെ പ്രതിരോധശേഷി കുറയാൻ ആരംഭിച്ചു. 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. യുവതി ചികിത്സയിൽ കഴിയവെ കോവിഡിന് വൈറസിന് പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആൽഫ വകഭേദത്തിൽ പെടുന്നത്), N510Y(ബീറ്റ വകഭേദത്തിൽ പെടുന്നത്)എന്നിവ ഉൾപ്പെടെയാണിതെന്നും പഠനം പറയുന്നു.

മറ്റാർക്കെങ്കിലും യുവതിയിൽ നിന്നും വൈറസ് ബാധ ഉണ്ടായോയെന്ന കാര്യം വ്യക്തമല്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ മേഖലയിൽ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തിയതിൽ യാദൃശ്ചികതയില്ലെന്നും ഗവേഷകർ പറയുന്നു.

ഈ പ്രദേശത്ത് പ്രായപൂർത്തിയായ നാല് പേരിൽ ഒരാൾക്കെങ്കിലും എച്ച്ഐവി പോസിറ്റീവാണെന്നതാണ് ഇത്തരമൊരു അഭിപ്രായത്തിന് കാരണം. എച്ച്‌ഐവി ബാധിതർക്ക് കോവിഡ് വൈറസ് ബാധിക്കാനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത എത്രത്തോളമാണെന്നുള്ളതിന് തെളിവുകൾ കുറവാണ്. എന്നാൽ ഗുരുതര എച്ച്‌ഐവി ബാധിതർ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തിൽ കോവിഡ് വൈറസിന് ദീർഘകാലം തുടരാനാവും. എച്ച്ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു.