കേപ് ടൗൺ: എച്ച്ഐവി ബാധിതയായ യുവതിയിൽ കോവിഡ് വൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായി കണ്ടെത്തൽ. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 216 ദിവസത്തോളം കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം യുവതിയിൽ നിലനിന്നത്. 36 വയസുള്ള യുവതിയിൽ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങൾ സംഭവിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. മെഡ്ആർക്കൈവ് (medRxiv) എന്ന മെഡിക്കൽ ജേണലാണ് ഇത് സംബന്ധിച്ച പഠനം പുറത്തുവിട്ടത്.
ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ സ്വദേശിയായ യുവതിയ്ക്ക് 2006 ലാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. കാലക്രമേണ യുവതിയുടെ പ്രതിരോധശേഷി കുറയാൻ ആരംഭിച്ചു. 2020 സെപ്റ്റംബറിലാണ് യുവതിയ്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. യുവതി ചികിത്സയിൽ കഴിയവെ കോവിഡിന് വൈറസിന് പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആൽഫ വകഭേദത്തിൽ പെടുന്നത്), N510Y(ബീറ്റ വകഭേദത്തിൽ പെടുന്നത്)എന്നിവ ഉൾപ്പെടെയാണിതെന്നും പഠനം പറയുന്നു.
മറ്റാർക്കെങ്കിലും യുവതിയിൽ നിന്നും വൈറസ് ബാധ ഉണ്ടായോയെന്ന കാര്യം വ്യക്തമല്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ മേഖലയിൽ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തിയതിൽ യാദൃശ്ചികതയില്ലെന്നും ഗവേഷകർ പറയുന്നു.
ഈ പ്രദേശത്ത് പ്രായപൂർത്തിയായ നാല് പേരിൽ ഒരാൾക്കെങ്കിലും എച്ച്ഐവി പോസിറ്റീവാണെന്നതാണ് ഇത്തരമൊരു അഭിപ്രായത്തിന് കാരണം. എച്ച്‌ഐവി ബാധിതർക്ക് കോവിഡ് വൈറസ് ബാധിക്കാനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത എത്രത്തോളമാണെന്നുള്ളതിന് തെളിവുകൾ കുറവാണ്. എന്നാൽ ഗുരുതര എച്ച്‌ഐവി ബാധിതർ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളുടെ ശരീരത്തിൽ കോവിഡ് വൈറസിന് ദീർഘകാലം തുടരാനാവും. എച്ച്ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു.

