തിരുവനന്തപുരം: ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് മരണം കാത്ത് കിടന്നിരുന്ന ബെക്‌സ് കൃഷ്ണന് ഒരു പുതിയ ജീവിതം ലഭിച്ചപ്പോൾ എല്ലാവരും നന്ദി അറിയിക്കുന്നത് വ്യവസായിയായ എം എ യൂസഫലിക്കാണ്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബുദാബിയിൽ ജയിലിൽ കഴിഞ്ഞ തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണന് ജീവനും ജീവിതവും തിരികെ കിട്ടിയത്. ബെക്‌സിന്റെ ജീവൻ രക്ഷിക്കാൻ കാണിച്ച സന്മനസിന് വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദങ്ങളും പ്രശംസയും എത്തുമ്പോൾ യൂസഫലിയ്ക്ക് പറയാനുള്ളത് ഒന്നു മാത്രം. പണമല്ല വലുത്, അദ്ദേഹം ഒരു ജീവനാണ്.
അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ചിലപ്പോൾ പണം കൊടുത്താലും ജീവൻ തിരികെ കിട്ടിയില്ലെന്ന് വരാം. ദിയാധനം കെട്ടിവെച്ചാൽ അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയുമെന്ന സാധ്യത ഉള്ളതുകൊണ്ടാണ് പണം കെട്ടിവെച്ചത്. മനുഷ്യൻ മനുഷ്യനാണ് ഉപകാരം ചെയ്യേണ്ടത്. ആ നിലയ്ക്കാണ് പണം കൊടുത്തുവിട്ടതെന്നും യൂസഫലി പറയുന്നു.
കൊച്ചിയിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ബെക്സ് കൃഷ്ണനെ സഹായിക്കാൻ തയ്യാറായതെന്ന് ചിലർ യൂസഫലിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. എത്രയോ മാസങ്ങൾക്ക് മുൻപ് തന്നെ ബെക്‌സ് കൃഷ്ണനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെന്നും ഹെലികോപ്ടർ അപകടത്തിന് ശേഷമെടുത്ത തീരുമാനമല്ലിതെന്നും യൂസഫലി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 4 നാണ് കോടതിയിൽ 500000 ദിർഹം കെട്ടിവെച്ചത്. അതിന്റെ റെസീപ്റ്റ് പോലും കൈയിലുണ്ട്. ഒരു പേരിന് വേണ്ടിയല്ല താൻ സഹായം ചെയ്തതെന്നും അതിന് വേണ്ടിയായിരുന്നെങ്കിൽ ജനുവരിയിൽ തന്നെ ഇക്കാര്യം പുറത്തുവിടേണ്ടതാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് ബെക്‌സ് കൃഷ്ണൻ ഓടിച്ചിരുന്ന വാഹനം തട്ടി ഒരു സുഡാൻ ബാലൻ മരണപ്പെട്ടിരുന്നു. ഈ കേസിലാണ് ബെക്‌സ് കൃഷ്ണൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ബെക്‌സ് കൃഷ്ണന്റെ ശിക്ഷ റദ്ദ് ചെയ്യാൻ കഴിഞ്ഞത്. 2012 സെപ്തംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 2013 ൽ യുഎഇ സുപ്രീം കോടതി ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു.
എല്ലാ പ്രതീക്ഷകളും അവസാനിച്ച് മരണം കാത്ത് കഴിയവെയാണ് രക്ഷകനായി യൂസഫലി എത്തുന്നത്. ബന്ധു സേതു വഴി എം.എ.യൂസഫലിയോട് ബെക്‌സ് കൃഷ്ണന്റെ മോചനത്തിനായി ഇടപെടാൻ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. വർഷങ്ങൾ നീണ്ട ശ്രമഫലമായി ഒടുവിൽ ബെക്‌സ് കൃഷ്ണൻ ജയിൽ മോചിതനായി. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കെട്ടിവെയ്ക്കാനും തയ്യാറായി. അങ്ങനെ വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷം ബെക്‌സിന് ജന്മനാട്ടിൽ തിരികെ എത്താൻ അവസരം ലഭിച്ചു.

